കോന്നി: ത്രിതല തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് കളിച്ച് കനത്ത തോൽവിയുണ്ടാക്കിയ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡ് ശക്തമായ താക്കീത് നൽകിയതിന് പിന്നാലെ കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി പാർട്ടിയിൽ കലാപം.
ഭൂരിപക്ഷം അംഗങ്ങളും പിന്തുണയ്ക്കുന്ന തണ്ണിത്തോട് ഡിവിഷനിൽ നിന്നുള്ള അമ്പിളി ടീച്ചറെ ഒഴിവാക്കി എൽസി ഇൗശോയെയോ ജിജി സജിയെയോ പ്രസിഡന്റാക്കണമെന്ന എ ഗ്രൂപ്പ്രിന്റെ ആവശ്യമാണ് തർക്കമുണ്ടാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നയാൾ അദ്ധ്യക്ഷനാകണമെന്ന കെ.പി.സി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എ ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഐ ഗ്രൂപ്പ് ആരോപിച്ചു. 13 അംഗങ്ങളുള്ള ബ്ളോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. യു.ഡി.എഫിലെ ഏഴ് അംഗങ്ങളും കോൺഗ്രസിൽ നിന്നുള്ളവരാണ് . നാല് പേർ ഐ ഗ്രൂപ്പും രണ്ട് പേർ എ ഗ്രൂപ്പുമാണ്. ഒരാൾ പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു. അമ്പിളി ടീച്ചർ പ്രസിഡന്റാകണമെന്ന് ഐ ഗ്രൂപ്പ് തീരുമാനിച്ചതിന് പിന്നാലെ എൽസിയും ജിജിയും പേര് സ്വയം നിർദേശിച്ച് മുന്നോട്ടുവരികയായിരുന്നു. കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും ഐ വിഭാഗം വഴങ്ങിയില്ല.
അംഗങ്ങളെയെല്ലാം ഡി.സി.സി ഒാഫീസിൽ വിളിച്ച് ചർച്ച ചെയ്തെങ്കിലും പഴയ നിലപാട് ആവർത്തിച്ചു. ഇതേ തുടർന്ന് തീരുമാനം കെ.പി.സി.സിക്ക് വിട്ടു. ഇതിനിടെ, തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ എ ഗ്രൂപ്പ് അംഗങ്ങളെ അസുഖം നടിച്ച് ആശുപത്രിയിലാക്കാൻ നീക്കം നടക്കുന്നതായും അറിയുന്നു. എം.പിമാരായ ആന്റോ ആന്റണിയും അടൂർ പ്രകാശും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന നിർദേശം കെ.പി.സി.സി മുന്നോട്ടുവച്ചിട്ടുണ്ട്. തീരുമാനം ഇന്ന് രാവിലെ അറിയാൻ കഴിഞ്ഞേക്കും.