
മലയാലപ്പുഴ: ചെങ്ങറമുക്ക് എന്ന് പറഞ്ഞാൽ മലയോര നിവാസികൾക്ക് സംശയമാണ്, ഉടനെ അടുത്ത ചോദ്യംവരും ഏത് ചെങ്ങറമുക്ക്.
കാരണം മറ്റൊന്നുമല്ല ചെങ്ങറമുക്ക് എന്ന പേരിൽ മൂന്ന് ജംഗ്ഷനുകൾ അടുത്തടുത്ത പ്രദേശങ്ങളിലായുണ്ട്. കോന്നി പഞ്ചായത്തിലെ ചെങ്ങറ ജംഗ്ഷനെ ചെങ്ങറ മുക്കെന്നാണറിയപ്പെടുന്നത്. പഞ്ചായത്തിലെ തന്നെ കൊന്നപ്പാറയ്ക്ക് സമീപത്തും ചെങ്ങറ മുക്കുണ്ട്. കൂടാതെ വടശേരിക്കര പഞ്ചായത്തിലെ കുമ്പളാംപൊയ്കയ്ക്ക് സമീപത്തും ഒരു ചെങ്ങറമുക്കുണ്ട്.
തെങ്ങുകൾ കൂടുതലായുള്ള പ്രദേശമായതിനാൽ 'തെങ്ങറ ' എന്നറിയപ്പെട്ടിരുന്ന സ്ഥലം പിൽക്കാലത്ത് തെങ്ങറ ലോപിച്ച് ചെങ്ങറയായി മാറിയതായി പറയപ്പെടുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് ചെങ്ങറ അന്വേഷിച്ചു വരുന്നവർക്ക് ഈ മൂന്ന് ചെങ്ങറ മുക്കുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നത് പതിവാണ്.
ചോദിച്ചും പറഞ്ഞും ചെങ്ങറ മുക്കിലേക്ക്....
ചെങ്ങറ കുരിശുംമൂട് ജംഗ്ഷനിലെ ചെങ്ങറ മുക്കിൽ നിന്ന് രണ്ടര കിലോമീറ്റർ ദൂരമുണ്ട് കൊന്നപ്പാറയിലെ ചെങ്ങറ മുക്കിലേക്ക്. മണ്ണുപറമ്പിൽ ഗ്രൂപ്പിന്റെ ചെമ്മാനി എസ്റ്റേറ്റിലൂടെ വേണം ചെങ്ങറയിലെ ചെങ്ങറ മുക്കിൽ നിന്ന് കൊന്നപ്പാറയിലെ ചെങ്ങറ മുക്കിലെത്താൻ.
കുമ്പളാംപൊയ്കയിലെ ചെങ്ങറ മുക്കിൽ നിന്ന് ചെങ്ങറയിലെ ചെങ്ങറ മുക്കിലെത്തണമെങ്കിൽ ഹാരിസൺ പ്ലാന്റെഷന്റെ കുമ്പഴ എസ്റ്റേറ്റിലൂടെ ഒൻപത് കിലോമീറ്റർ സഞ്ചരിക്കണം.
പാട്ട കാലാവധി കഴിഞ്ഞ ഹാരിസൺ പ്ലാന്റെഷന്റെ റബ്ബർതോട്ടത്തിൽ ളാഹ ഗോപാലന്റെ നേതൃത്വത്തിൽ നടന്ന ഭൂസമരത്തിലൂടെ ചെങ്ങറ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കുമ്പഴ - വടശേരിക്കര റോഡിലെ കുമ്പളാംപൊയ്കയിൽ നിന്ന് 9 കിലോ മീറ്റർ അകലെയുള്ള ചെങ്ങറയിലേക്ക് പോകുന്ന വഴിയരികിലെ ജംഗ്ഷനെന്ന പേരിലാണ് കുമ്പളാംപൊയ്ക്ക് സമീപത്തെ കവലയ്ക്ക് ചെങ്ങറ മുക്കെന്ന പേരുവന്നത്. കോന്നി - തണ്ണിത്തോട് റോഡിലെ കൊന്നപ്പാറയ്ക്ക് സമീപത്തെ കവലയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയുള്ള ചെങ്ങറയിലേക്ക് പോകുന്ന ജംഗ്ഷനെന്ന പേരിൽ കൊന്നപ്പാറയിലെ കവലയ്ക്കും ചെങ്ങറമുക്കെന്ന് പേര് വന്നു.