അടൂർ: രണ്ട് പതിറ്റാണ്ടായി സംസ്ഥാനത്തുടനീളം ഇരുന്നൂറിൽപ്പരം പഠനകേന്ദ്രങ്ങളുമായി പ്രവർത്തിച്ചുവരുന്ന കേരള കമ്പ്യൂട്ടർ സാക്ഷരതാ മിഷന്റെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും. അടൂർ എംജി റോഡിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതിന് ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിക്കും. ചെയർമാൻ മനോജ് വിജയൻ അദ്ധ്യക്ഷത വഹിക്കും. പുതിയ അക്കാഡമിക് പ്രൊജക്ടുകളുടെയും സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്റെയും ഉദ്ഘാടനം ഗാന്ധി യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാൻസിലർ ഡോ.സി.ടി.അരവിന്ദ് കുമാർ നിർവഹിക്കും. വിദ്യാഭ്യാസ ധനസഹായം നഗരസഭ ചെയർമാൻ ഡി.സജി വിതരണം ചെയ്യും.നഗരസഭ വൈസ് ചെയർ പേഴ്സൺ ദിവ്യാ റജിമുഹമ്മദ്, വാർഡ് കൗൺസിലർ വി. ശശികുമാർ , ജോസ് തോമസ് തുടങ്ങിയവർ സംസാരിക്കും.