നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
പത്തനംതിട്ട: മലയോര മേഖലയിൽ ബ്ലാമൂട്ട, പന്നിമൂട്ട, എന്നീ പേരുകളിൽ അറിയപ്പെടുന്ന ചെറുപ്രാണികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ പി.ബി നൂഹിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മൂട്ട ശല്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
വിവിധ വകുപ്പുകൾ ചേർന്ന് മൂട്ടകളുടെ നിയന്ത്രണത്തെക്കുറിച്ച് പഠനം നടത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌പ്രേയിംഗ് നടത്തുന്നുണ്ട്. മൂട്ടയുടെ കടിയേറ്റവരിൽ ചൊറിച്ചിൽ, ചെറുവ്രണങ്ങൾ എന്നിവ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൻപതോളം ആളുകൾ ഈ ലക്ഷണങ്ങളുമായി മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽചികിത്സ തേടി.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ആയുർവേദ ഹോമിയോ മെഡിക്കൽ ഓഫീസർമാർ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ, റാന്നി ഡി.എഫ്.ഒ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, കൃഷി വകുപ്പ് ജില്ലാ ഓഫീസർ, മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർമാർ, ഡെപ്യൂട്ടി ഡി.എം.ഒ മാർ, പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
ശ്രദ്ധിക്കാൻ
വളർത്തു മൃഗങ്ങളെ വീടിനുളളിൽ പ്രവേശിപ്പിക്കരുത്. കൃഷിയിടങ്ങളിലും പുറത്തിറങ്ങുമ്പോഴും ടിക് റിപ്പലന്റ് ഉപയോഗിക്കുക. കൃഷിസ്ഥലങ്ങൾ, കാടുപിടിച്ച സ്ഥലങ്ങൾ, ഉപയോഗ ശൂന്യമായ സ്ഥലങ്ങൾ എന്നിവ വെട്ടിത്തെളിക്കുക. പുല്ല് വർഗത്തിൽപ്പെട്ട ചെടികൾ, കുറ്റിച്ചെടികൾ എന്നിവയുളള സ്ഥലങ്ങൾ വൃത്തിയാക്കുക. പുറത്തിറങ്ങുമ്പോൾ ശരീരമാസകലം മൂടുന്ന വസ്ത്രം ധരിക്കുക. കന്നുകാലികളെ കൂടുതലായി മേയാൻ വിടരുത്. കഴിയുന്നതും തൊഴുത്തുകളിൽ പരിപാലിക്കണം. കുരങ്ങുകളുടെ അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ വകുപ്പിനെയും വനം വകുപ്പിനെയും അറിയിക്കണം.