തിരുവല്ല: കുറ്റപ്പുഴയിൽ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്തിരുന്ന കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി മൂന്ന് മാസത്തിന് ശേഷം പൊലീസിന്റെ വലയിലായി. കണ്ണൂർ പത്തായമുക്ക് ഏറാഞ്ചേരി വീട്ടിൽ സുധീർ (32) ആണ് പിടിയിലായത്. തൃശൂരിലെ മണ്ണുത്തിയിൽ നിന്നാണ് തിരുവല്ല പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.കഴിഞ്ഞ സെപ്തംബർ 24ന് കേസിലെ പ്രധാന പ്രതി അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ്.ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ -31), ഷിബുവിന്റെ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്. സജയൻ(35), കൊട്ടാരക്കര ജവഹർനഗർ ഗാന്ധിമുക്ക് ലക്ഷംവീട് കോളനിയിൽ സുധീർ(40 ), ഷിബുവിന്റെ പിതൃസഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി(38) എന്നിവരാണ് നേരത്തെ പിടിയിലായത്. നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിന്ററും പേപ്പറുകളും സംഘം ഉപയോഗിച്ചുവന്നിരുന്ന രണ്ട് ഇന്നോവ കാറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഫെബ്രുവരിയിൽ തൃശൂരിലെ ചെങ്ങരംകുളങ്ങരയിൽ വ്യാജനോട്ട് അച്ചടിച്ചതിന് സംഘം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് വീണ്ടും നോട്ട് നിർമ്മാണവും വിതരണവും നടത്തിയത്. കണ്ണൂർ, പൊന്നാനി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും വാടകവീടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് നോട്ട് നിർമ്മിച്ച കേസിൽ പ്രതികൾക്കെതിരെ കേസുണ്ടെന്ന് എസ്.ഐ എ അനീസ് പറഞ്ഞു. സുധീറിനെ റിമാൻഡ് ചെയ്തു.