പത്തനംതിട്ട: പൊലീസിൽ നിന്ന് പടിയിറങ്ങുന്ന ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ യാത്രയയപ്പ് നൽകി. രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊലീസിൽ സബ് ഇൻസ്‌പെക്ടറായി ജോലിക്ക് കയറിയ കെ.ജി സൈമൺ കേസുകളുടെ അന്വേഷണത്തിൽ സർവീസിന്റെ തുടക്കം മുതൽ ഇതുവരെ കൗതുകവും ത്വരയും നിലനിറുത്തിയെന്ന് എം.എൽ.എ പറഞ്ഞു. കൂടത്തായി കൂട്ടക്കൊല കേസുൾപ്പെടെയുള്ള നിരവധി കേസുകളിൽ തുമ്പുണ്ടാക്കാനും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സാധിച്ചു. സ്വയം ആർജിച്ചെടുത്ത കഴിവും പൊലീസിലെ പുത്തൻ സാങ്കേതികത്വവും സമന്വയിപ്പിച്ച് കേസ് അന്വേഷണരംഗത്തു തന്റെതായ പാത വെട്ടിത്തുറന്നു. ഒടുവിൽ 'കൂടത്തായി സൈമൺ ' എന്ന വിളിപ്പേര് സാമ്പാദിച്ചു. മുഴുവൻ സേനാംഗങ്ങൾക്കും അദ്ദേഹം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
സത്യസന്ധമായും നേർവഴിക്കും ജോലി ചെയ്തു മുന്നേറുന്നവരെ ജനം അംഗീകരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ കെ.ജി. സൈമൺ പറഞ്ഞു. എല്ലാകാലത്തെയും സർക്കാറുകൾ തന്നിലർപ്പിച്ച വിശ്വാസത്തിനും, നൽകിയ സഹായങ്ങൾക്കും വലിയ നന്ദിയുണ്ട്. കേസ് അന്വേഷണത്തെ രസകരമായ അനുഭവമായിക്കണ്ട് ആസ്വദിക്കാൻ എല്ലാ പൊലീസുദ്യോഗസ്ഥർക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഷാനു സ്റ്റീഫൻ സംവിധാനം ചെയ്ത് ഒരുക്കിയ കെ.ജി. സൈമണെപ്പറ്റിയുള്ള ഡോക്യൂമെന്ററിയുടെ പ്രകാശനം നടന്നു. കെ.ജി സൈമണിന്റെ സർവീസ് ജീവിതവും വ്യക്തിജീവിതവും സ്പർശിച്ചു കടന്നുപോകുന്ന ഡോക്യൂമെന്ററിയിൽ, കൂടെ ജോലി ചെയ്തവരുൾപ്പെടെയുള്ള പലരുടെയും അനുഭവവിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസിന്റെ ആദരവായാണ് ഡോക്യൂമെന്ററി ഒരുക്കിയത്.
ചടങ്ങിൽ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എൻ അനീഷ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാസെക്രട്ടറി ജി.ജയചന്ദ്രൻ സ്വാഗതവും അസോസിയേഷൻ ജില്ലാ ട്രഷറർ അൻസി നന്ദിയും പറഞ്ഞു. അഡിഷണൽ എസ്.പി എ.യു സുനിൽകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ്, സി ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.സുധാകരൻ പിള്ള, പത്തനംതിട്ട ഡിവൈ.എസ്.പി കെ.സജീവ്, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.ന്യുമാൻ തുടങ്ങിയവർ സംസാരിച്ചു.