ചെങ്ങന്നൂർ: മഹാദേവക്ഷേത്രത്തിലെ 28 നാൾ നീളുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. ദീപാരാധനയ്ക്ക് ശേഷം വൈകീട്ട് ഏഴുമണിയോടെ തന്ത്രിമാരായ കണ്ഠര് മോഹനരും മഹേഷ് മോഹനരും ചേർന്ന് കൊടിയേറ്റ് നിർവഹിക്കും. വ്യഴാഴ്ച്ച മുതൽ ഏഴു ദിവസം കൃഷ്ണൻനടയിൽ സപ്താഹത്തിന് തുടക്കമാകും. ജനുവരി ഏഴ് മുതൽ ദശാവതാരച്ചാർത്തും തുടങ്ങും. ജനുവരി 18, 19, 20 തീയതികളിൽ ഉത്സവബലി നടക്കും. 21 മുതലാണ് വലിയ ഉത്സവം തുടങ്ങുന്നത്. ആഘോഷങ്ങളും കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഉത്സവനാളുകളിൽ ആൾത്തിരക്ക് നിയന്ത്രിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ജനുവരി 26ന് കൊടിയിറങ്ങും. ആനയെഴുന്നള്ളിപ്പിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ദേവസ്വം എ.ഒ.പി.അജികുമാർ പറഞ്ഞു.