പന്തളം:സി.പി.എമ്മും എസ്.ഡി. പി.ഐയും തമ്മിലുള്ള ബന്ധം പത്തനംതിട്ട നഗരസഭയിലെ ചെയർമാൻ തിരഞ്ഞെടുപ്പോടെ പുറത്തായിരിക്കുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. പന്തളം നഗരസഭയിലെ ബി ജെ പി കൗൺസിലർമാരെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എമ്മിന് എസ്ഡിപിഐ യുമായുള്ള ബന്ധം തിരഞ്ഞെടുപ്പിനു മുമ്പുതന്നെ തെളിവു സഹിതം ബിജെ പി ചൂണ്ടി ക്കാട്ടിയിട്ടും സി പി എം നിഷേധിക്കുകയായിരുന്നു. ഇവർ തമ്മിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആരംഭിച്ച ബന്ധം എത്ര ദൃഢമായിരുന്നു എന്നാണ് ഇതു തെളിയിക്കുന്നത്.
കോൺഗ്രസ്, വെൽഫെയർ പാർട്ടിയുമായും സി പി എം എസ് ഡി പി ഐ യുമായി ചേർന്ന് രാഷട്രീയ ബാന്ധവം ഉണ്ടാക്കുന്നത് കേരളത്തെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. കേരളത്തിലെ രണ്ടു മുന്നണികളും ഭീകരവാദത്തെ വളർത്തിക്കൊണ്ടു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിൻകരയിൽ ജപ്തിഭീഷണിയേത്തുടർന്നുണ്ടായ ദുരന്തത്തിലൂടെ ഒരു കുടുംബത്തിനെ അനാഥമാക്കിയ സംഭവത്തിലെ ദുരൂഹതയേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു.