കോഴഞ്ചേരി: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ആരു ഭരിക്കുമെന്ന അനിശ്ചിതത്വം അവസാനിക്കാതെ കോഴഞ്ചേരി , തോട്ടപ്പുഴശേരി പഞ്ചായത്തുകൾ. ഒരു മുന്നണിക്കും തനിച്ചു ഭൂരിപക്ഷമില്ലാത്ത ഇവിടങ്ങളിൽ പ്രസിഡന്റ് പദവി ആർക്കെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്. കോഴഞ്ചേരിയിൽ കോൺഗ്രസ് വിമതന്റെ പിന്തുണയാണ് നിർണായകമാവുക.
യുഡിഎഫും എൽഡിഎഫും ഇക്കാര്യത്തിൽ വിജയിച്ച സ്ഥാനാർത്ഥിയായ ടി.ടി. വാസുവിന്റെ പിന്നാലെയാണ്.13 അംഗ സീറ്റിൽ യുഡിഎഫും എൽ ഡി എഫും 5 വീതം നേടിയപ്പോൾ എൻഡിഎ രണ്ടു സീറ്റുകൾ കയ്യടക്കി. ഇതിൽ ഒന്നാം വാർഡിൽ നിന്ന് കോൺഗ്രസ് വിമതനായി ജയിച്ച ടി.ടി. വാസു, യുഡി എഫിന് പിന്തുണ നൽകുന്നതിന് അർദ്ധസമ്മതം മൂളിയതായാണ് അറിവ്. എന്നാൽ ടി.ടി. വാസുവിനെ തങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇടതു മുന്നണിയിൽ പടലപിണക്കം മറനീക്കി പുറത്തു വന്നുകഴിഞ്ഞു. മുന്നണിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇവിടെ സി പി ഐ. അവർക്ക് ഇവിടെ ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്.
തോട്ടപ്പുഴശേരി പഞ്ചായത്തിൽ പ്രസിഡന്റ് പദവി നേടിയെടുക്കാൻ യുഡിഎഫ് നടത്തുന്ന ശ്രമം തുടരുകയാണ്. കോൺഗ്രസ് വിമതയായി ജയിച്ച ആളിനെയും മറ്റു രണ്ടു പേരെയും കൂടെനിറുത്തി ഭരണം പിടിച്ചെടുക്കാനുള്ള നീക്കവും അന്തിമ പോരാട്ടത്തിലാണ്. ഇവിടെ വലിയ ഒറ്റക്കക്ഷി എൽ ഡി എഫാണ്. 13 സീറ്റുകളിൽ എൽഡിഎഫിന് അഞ്ചും യുഡിഎഫിനും എൻഡിഎയ്ക്കും 3 വീതവും 2 സ്വതന്ത്രത്രരുമാണ് ഉള്ളത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. ക്യഷ്ണ കുമാറാണ് എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി.