തിരുവല്ല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങളും കവർച്ചയും വർദ്ധിക്കുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ രാത്രിയുടെ മറവിൽ അഞ്ച് സംഭവങ്ങളാണ് അരങ്ങേറിയത്. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ നെടുമ്പ്രം ഒറ്റത്തെങ്ങ് ജംഗ്‌ഷന് സമീപം മത്സ്യ വ്യാപാരിയെ മാരകായുധം കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവമാണ് ഒടുവിലത്തേത്.മത്സ്യ വ്യാപാരിയും തലവടി പ്രിയദർശിനി ജംഗ്ഷൻ സ്വദേശിയായ ഉത്തമനിൽ നിന്നുമാണ് പണം കവർന്നത്. കാറിലെത്തിയ രണ്ടംഗ സംഘം ചൊവ്വാഴ്ച പുലർച്ചെയാണ് കവർച്ച നടത്തിയത്. ഇരുചക്ര വാഹനത്തിൽ പോയ ഉത്തമനെ മാരുതി കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി 5000 രൂപ പിടിച്ചു വാങ്ങുകയായിരുന്നു. സംഭവശേഷം കാർ നീരേറ്റുപുറം ഭാഗത്തേക്ക് ഓടിച്ചു പോയി.സംഭവം സംബന്ധിച്ച് ഉത്തമൻ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. കാവുംഭാഗത്തും മതിൽഭാഗത്തുമായി പത്ത് ദിവസം മുമ്പ് പ്രഭാത സവാരിക്കാരെ കാറിലെത്തി ആക്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതികൾ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടിരുന്നു. മത്സ്യ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതും ഇതേ സംഘം തന്നെയാകാം എന്ന നിഗമനത്തിലാണ് പൊലീസ്. 25ന് പുലർച്ചെ വള്ളംകുളത്ത് അച്ചൂസ് ലൈറ്റ് ഹൌസിന് നേരെയും അക്രമം ഉണ്ടായി. പിന്നീട് തോട്ടഭാഗം, നെല്ലാട് എന്നിവിടങ്ങളിലും അക്രമികളുടെ ഭീഷണിയുണ്ടായതായി പരാതികൾ ഉയർന്നിട്ടുണ്ട്.
നിരീക്ഷണ കാമറകൾ പ്രവർത്തിക്കുന്നില്ല
രാത്രികാലങ്ങളിൽ അതിക്രമങ്ങൾ വർദ്ധിച്ചതോടെ പ്രഭാത സവാരിക്ക് പോകുന്നവർ ഉൾപ്പെടെ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. പട്രോളിംഗ് ശക്തമാക്കുകയും പ്രധാന പാതകളിലെ നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്‌താൽ അതിക്രമങ്ങൾ തടയാനും പ്രതികളെ കണ്ടെത്താനും സഹായകമാകും. ഇക്കാര്യത്തിൽ ശക്തമായ നടപടികൾ പൊലീസ് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
-10 ദിവസങ്ങളിൽ അഞ്ചോളം സംഭവങ്ങൾ