local

പത്തനംതിട്ട : സംഭവ ബഹുലമായിരുന്നു 2020. ലോകത്തിനൊപ്പം ജില്ലയും കൊവിഡ് ഭീതയിൽ കഴിഞ്ഞ നാളുകൾ. സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയ കൊലപാതകങ്ങൾ. പ്രമുഖരുടെ വേർപാട്........

ജനുവരി

ചൈനയിൽ നിന്നെത്തിയ 16 പേർ കൊവിഡ് നിരീക്ഷണത്തിൽ. ഇതിൽ കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ നിന്നുള്ള അഞ്ച് പേരും ഉൾപ്പെട്ടിരുന്നു. ആർക്കും വൈറസ് ബാധ ലക്ഷണം കണ്ടെത്തിയില്ല.

മാർച്ച് 8

റാന്നി ഐത്തലയിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന് കൊവിഡ്. പ്രായമായ വൃദ്ധ ദമ്പതികൾക്കടക്കം പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. ജില്ല ഭീതിയിൽ. പ്രതിസന്ധികൾക്കിടയിലും എസ്.എസ്.എൽ.സി പരീക്ഷ വിജയകരമായി നടത്തി. ശേഷം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപനം.

ഏപ്രിൽ14

പത്തനംതിട്ട ജില്ലയിലെ പുതിയ വനിതാ പൊലീസ് സ്റ്റേഷൻ ജില്ലാ ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. ജില്ല മുഴുവൻ പുതിയ വനിതാ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയായി ഗസറ്റ് വിജ്ഞാപനത്തിൽ നിർണയിച്ചു.

ഏപ്രിൽ 21
പതിനാറുകാരനായ അഖിലിനെ കൊടുമണിൽ വെട്ടിക്കൊലപ്പെടുത്തിയശേഷം കുഴിച്ചിട്ട കേസിൽ സുഹ്യത്തുക്കൾ അറസ്റ്റിലായത് നാടിനെ നടുക്കി.

മേയ് 7ന്

മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസിൽ അടൂർ സ്വദേശി സൂരജ് പ്രതിയാകുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. സൂരജിന്റെ കുടുംബം മുഴുവൻ പിന്നീട് അറസ്റ്റിലായി

മേയ് 15

സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ആദ്യമായി കാട്ടുപന്നിയെ കോന്നി അരുവാപ്പുലത്ത് വെടിവച്ച് കൊന്നു.

ജുലായ് 28

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കുടപ്പനക്കുളത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്തായിയുടെ കുടുംബം വിവിധ സംഘടനകളുടെ പിന്തുണയോടെ സമരം തുടങ്ങി. മത്തായി മരിച്ച് നാൽപതു ദിവസം തികഞ്ഞ സെപ്തംബർ 5 ന് ആണ് മൃതദേഹം സംസ്‌കരിച്ചത്

ആഗസ്റ്റ്

സംസ്ഥാനത്ത് ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ തീവ്ര മഴ രൂപപ്പെട്ടെങ്കിലും പ്രളയമുണ്ടായില്ല. റെഡ് അലർട്ട് നൽകിയിരുന്നു. മത്സ്യ ബന്ധനബോട്ടുകളും എൻ.ടി.ആർ.എഫ് സംഘവും ജില്ലയിൽ ക്യാമ്പ് ചെയ്തിരുന്നു.

ആഗസ്റ്റ് 15

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് കോന്നി പൊലീസ് രജിസ്റ്റർ ചെയ്തു.

സെപ്തംബർ 5

പാതിരാത്രിയിൽ കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം നാടിനെ ഞെട്ടിച്ചു. സംഭവത്തിൽ കായംകുളം കീരിക്കാട് സ്വദേശിയായ നൗഫൽ (29)നെ അറസ്റ്റുചെയ്തു.

സെപ്തംബർ 14

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനം

ഒക്ടോബർ 18

മാർത്തോമ്മ സഭാ അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത (90) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 2007 മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ചു.


ഡിസംബർ 8

തദ്ദേശ തെരഞ്ഞെടുപ്പ്. ജില്ലയിൽ എൽ.ഡി.എഫ് മികച്ച വിജയം നേടി. ജില്ലാ പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി. 12 സീറ്റുകളുമായി എൽ ഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. നാല് നഗരസഭകളിൽ രണ്ട് എൽ.ഡി.എഫും ഒന്ന് വീതം എൻ. ഡി.എയും യു.ഡി.എഫും നേടി. പഞ്ചായത്തിൽ 32 ഇടത്ത് എൽ.ഡി.എഫും 16 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് ബി.ജെ.പിയും വിജയം നേടി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി അരുവാപ്പുലത്തെ രേഷ്മ മറിയം ജോസിനെ തിരഞ്ഞെടുത്തു.


ഡിസംബർ 23

ആറൻമുള സ്വദേശിയായ കവയിത്രി സുഗതകുമാരി അന്തരിച്ചു.