 
ഗ്രാമ പഞ്ചായത്തുകൾ : എൽ.ഡി.എഫ് 31, യു.ഡി.എഫ് 16, എൻ.ഡി.എ 3,
കോട്ടാങ്ങൽ, റാന്നി പഞ്ചായത്തുകളിലെ സി.പി.എം പ്രസിഡന്റുമാർ രാജിവച്ചു, തോട്ടപ്പുഴശേരിയിൽ കോറം തികയാത്തതിനാൽ തിരഞ്ഞെടുപ്പ് നടന്നില്ല.
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിനും 8 ബ്ളോക്ക് പഞ്ചായത്തുകൾക്കും 50 ഗ്രാമ പഞ്ചായത്തുകൾക്കും സാരഥികളായി. പരിചയ സമ്പന്നരും യുവാക്കളും പുതുമുഖങ്ങളുമാണ് ജില്ലയിൽ ഭരണയന്ത്രം ചലിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ഒാമല്ലൂർ ശങ്കരൻ പ്രസിഡന്റായും സി.പി.െഎയിലെ രാജി പി.രാജപ്പൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ആറ് ബ്ളോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന്റെയും രണ്ടിടത്ത് യു.ഡി.എഫിന്റെയും നേതൃത്വത്തിൽ പുതിയ ഭരണസമിതികൾ അധികാരത്തിലേറി. അപ്രതീക്ഷിത നീക്കങ്ങൾ നടന്നത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലാണ്. യു.ഡി.എഫ് വലിയ കക്ഷിയായ ചിറ്റാർ പഞ്ചായത്തിൽ കോൺഗ്രസ് അംഗം സജി കുളത്തുങ്കൽ മറുകണ്ടംചാടി പ്രസിഡന്റായി. കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.െഎ പിന്തുണച്ചതിനെ തുടർന്ന് സി.പി.എം അംഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചു. റാന്നി പഞ്ചായത്തിൽ രണ്ട് ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് അധികാരത്തിൽ എത്തിയത് കൗതുകമായി.
യു.ഡി.എഫ് വലിയ കക്ഷിയായിരുന്ന ചിറ്റാറിൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തി. സി.പി.എമ്മിൽ ചേർന്ന കോൺഗ്രസ് അംഗം സജി കുളത്തുങ്കൽ പ്രസിസഡന്റായി. 13 വാർഡുകളിൽ എൽ.ഡി.എഫ് 5, യു.ഡി.എഫ് 6, എൻ.ഡി.എ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. സജികുളത്തുങ്കൽ മറുപക്ഷത്ത് എത്തിയപ്പോൾ എൽ.ഡി.എഫ് 6, യു.ഡി.എഫ് 5 എന്നിങ്ങനെയായി കക്ഷിനില. സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ എം.എസ്.രാജേന്ദ്രനെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയയാളാണ് സജി കുളത്തുങ്കൽ.
നാലാം വാർഡിൽ നിന്ന് വിജയിച്ച എ. ബഷീർ ആയിരുന്നു യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ നിന്ന് എൻ.ഡി.എ വിട്ടുനിന്നു. എൽ.ഡി.എഫ് തുണയോടെ ആറ് വോട്ടുകൾക്ക് സജി കുളത്തുങ്കൽ വിജയിച്ചു. 9 ാം വാർഡ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രവികല എബി വൈസ് പ്രസിഡൻ്റായി.
കോട്ടാങ്ങൽ പഞ്ചായത്തിൽ അരമണിക്കൂറിനുള്ളിൽ
പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു
മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രസിഡന്റ് ബിനു ജോസഫും വൈസ് പ്രസിഡന്റ് ജമീലാ ബീവിയും മിനിറ്റുകൾക്കുള്ളിൽ രാജിവച്ചു. എസ്.ഡി.പി.ഐ പിന്തുണ നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും, ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അംഗങ്ങളായ 13 (എൽ.ഡി.എഫ് -5, എൻ.ഡി.എ -5, എസ്.ഡി.പി.ഐ -1, കോൺഗ്രസ് -1, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം -1 ) പേരും ഹാജരായി. തിരഞ്ഞെടുപ്പ് നടപടികളിൽ ആരംഭിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനു ജോസഫിന് 6 വോട്ടും, എൻ ഡി.എ.യിലെ ദീപ്തി ദാമോദരന് 5 വോട്ടും ലഭിച്ചു. ബിനു ജോസഫ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റശേഷം രാജിവച്ചു. ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എം.എ. ജമീലാബീവിക്ക് 6 വോട്ടും എൻ.ഡി.എ.യിലെ സി.ആർ.വിജയമ്മക്ക് 5 വോട്ടും ലഭിച്ചു. എം.എ ജമീലാ ബീവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം രാജിക്കത്ത് നൽകുകയായിരുന്നു. അഭിമന്യു വധക്കേസിലെ പ്രതികളിൽ ഒരാളുടെ നാടായ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിച്ചാൽ സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന് എൽ.ഡി.എഫ് നേരത്തേ അറിയിച്ചിരുന്നു.