scorpio-fired
ട്രാൻസ്‌ഫോർമറിൽ ഇടിച്ച് തീപിടിച്ച് കത്തി നശിച്ച സ്‌കോർപ്പിയോ കാർ

കയ്പമംഗലം: ദേശീയപാത 66 പെരിഞ്ഞനത്ത് നിയന്ത്രണംവിട്ട കാർ റോഡരികിലെ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തിനശിച്ചു. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തിരുവല്ല സ്വദേശികളായ അഞ്ചംഗസംഘം വയനാട്ടിൽപോയി തിരിച്ച് നാട്ടിലേക്ക് പോകുന്നതിനിടെ പെരിഞ്ഞനം പഞ്ചായത്ത് വളവിൽ ഇവർ സഞ്ചരിച്ചിരുന്ന സ്‌കോർപിയോ കാർ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടനെ പുറത്തിറങ്ങി ഓടിമാറിയതിനാൽ വൻ ദുരന്തമൊഴിവായി. തീ ആളിക്കത്തിയതോടെ ട്രാൻസ്‌ഫോർമറിലേക്കും നേരിയതോതിൽ തീ പടർന്നു. ഇരിങ്ങാലക്കുടയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

കാറിലുണ്ടായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി കുമ്പനാട് കൊളിൻസ് വിനോജിന് (21) തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജസ്റ്റിൻ.കെ.ജോൺസൺ (25), ബിജോ (23), ജോയൽ (21), ടിറ്റു.എം.ജോൺ (28) എന്നിവർക്ക് നിസാര പരിക്കുണ്ട്. കയ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.