കോഴഞ്ചേരി: കോറം തികയാത്തതിനാൽ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നില്ല. 13 അംഗങ്ങളിൽ കോറം തികയാൻ ഏഴ് പേർ വേണമായിരുന്നു. എൽ.ഡി.എഫിലെ ആറുപേർ മാത്രമാണ് എത്തിയത്. യു.ഡി.എഫ് (3), ബി.ജെ.പി (3), സി.പി.എം വിമതൻ എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കോൺഫറൻസ് ഹാളിൽ വന്നിട്ട് ഹാജർ ബുക്കിൽ ഒപ്പുവെയ്ക്കാതെ ഇവർ മടങ്ങുകയായിരുന്നു. വരണാധികാരി ഇന്ന് വീണ്ടും തിരഞ്ഞെടുപ്പു യോഗം വിളിച്ചിട്ടുണ്ട്.

എൽ.ഡി.എഫ് അംഗങ്ങളായ അഞ്ചു പേരും, കോൺഗ്രസ് വിമതയായി ജയിച്ച മുൻ പഞ്ചായത്തംഗം ഷെറിനും മാത്രമാണെത്തിയിരുന്നത്. ആദ്യം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ഷെറിൻ പിന്നീട് എൽ.ഡി.എഫിനൊപ്പം നിന്നു. ആർ. കൃഷ്ണകുമാറിനെയാണ് പ്രസിഡന്റു സ്ഥാനാർത്ഥിയാക്കാൻ സി.പി.എം തീരുമാനിച്ചിരുന്നത്.