s

പത്തനംതിട്ട: കൊവിഡിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ ഇന്ന് തുറക്കും. പത്താംക്ളാസ്, പ്ളസ് ടു വിദ്യാർത്ഥികളാണ് എത്തുന്നത്. ജില്ലയിലെ സർക്കാർ, എയിഡഡ് സ്കൂളുകളാണ് തുറക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം സ്കൂൾ തുറക്കാനെന്ന് സർക്കാർ നിർദേശമുണ്ട്. ഇതനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും സ്കൂൾ മാനേജ് മെന്റ് കമ്മറ്റി അംഗങ്ങളും ചേർന്ന് ക്ളാസ് മുറികളും സ്കൂൾ പരിസരങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി. സാനിട്ടൈസറും സോപ്പും വെളളവും നൽകിയാകും വിദ്യാർത്ഥികളെ പ്രവശിപ്പിക്കുന്നത്.

ഒാൺലൈൻ ക്ളാസുകളിലെ സംശയ നിവാരണത്തിനായാണ് കുട്ടികളും അദ്ധ്യാപകരും സ്കൂളിലെത്തുന്നത്. ഒരാഴ്ചത്തേക്ക് പഠനമുണ്ടാകില്ല. ഇൗ ദിവസങ്ങളിൽ കുട്ടികളെ സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അനുവദിക്കും.

കളിയും കെട്ടിപ്പിടുത്തവും വേണ്ട

നീണ്ട ഒൻപത് മാസങ്ങൾക്കു ശേഷമാണ് കുട്ടികൾ വീണ്ടും കണ്ടുമുട്ടുന്നത്. ഇത്രയും ദൈർഘ്യമേറിയ ദിവസങ്ങൾക്കു ശേഷം വീണ്ടും കാണുമ്പോൾ സന്തോഷത്താലുള്ള കെട്ടിപ്പടിയും കൂടിച്ചേർന്നുള്ള കളികളും ഒഴിവാക്കാൻ അദ്ധ്യാപകരുടെയും ആരോഗ്യ പ്രവർത്തകരുടെയും കർശന നിരീക്ഷണമുണ്ടാകും. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗായി ഒരു ക്ളാസിൽ 10-15 കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. ഒരു ബഞ്ചിൽ ഒരാളേ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. ഉച്ചഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കാൻ അനുവദിക്കില്ല. രക്ഷിതാക്കളുടെ സമ്മത പത്രം കൊണ്ടുവരുന്ന കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

പ്രധാന നിർദേശങ്ങൾ

'' സ്കൂൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. കുട്ടികളുട‌െയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ സ്കൂൾ മാനേജ്മെന്റ് കമ്മറ്റികൾ ഉറപ്പാക്കണം.

പി.കെ.ഹരിദാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ.