pt-prasanna-kumar
പി.ടി പ്രസന്ന കുമാർ‌

പത്തനംതിട്ട : നാടോടി വിജ്ഞാനായത്തിന്റെ വിവിധ ശാഖകളിൽ ജനകീയമായ ഇടപെടൽ നടത്തിയ മൂന്നുപേർക്ക് കേരള ഫോക് ലോർ അക്കാഡമിയുടെ അംഗീകാരം. കടമ്മനിട്ട പ്രസന്നകുമാർ, അഡ്വ..സുരേഷ് സോമ, സുശല സന്തോഷ് എന്നിവരെയാണ് അംഗീകാരം തേടിയെത്തിയത്.

നാൽപ്പത് വർഷമായി പടയണി രംഗത്ത് സജീവമാണ് കടമ്മനിട്ട പ്രസന്നകുമാർ. രാജ്യത്തെ വിവിധസ്ഥലങ്ങളിൽ പടയണി അവതരിപ്പിച്ചിട്ടുണ്ട്. കൊട്ടും പാട്ടും തുള്ളലും അവതരിപ്പിക്കാറുണ്ട്. പതിമ്മൂന്ന് വർഷമായി കടമ്മനിട്ട ഗോത്ര കലാകളരിയുടെ സെക്രട്ടറിയാണ്. കടമ്മനിട്ട പടയണിയുടെ ആശാനുമാണ് കടമ്മനിട്ട വാവോലിക്കൽ വീട്ടിൽ പ്രസന്നൻ. കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭാര്യ : ശ്രീലത. മക്കൾ : അഭിജിത് വിഷ്ണു.

മദ്ധ്യതിരുവിതാംകൂർ നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ഡയറക്ടറാണ് അഡ്വ..സുരേഷ് സോമ. കോളേജ് പഠന കാലത്ത് ചെങ്ങന്നൂരാദി പാട്ട് സംഘം എന്ന കൂട്ടായ്മ സംഘടിപ്പിച്ചാണ് നാടൻ പാട്ടിലേക്ക് എത്തിയത്. ഫോക് തെറാപ്പി എന്ന പുതിയ ആവിഷ്കാരം നടത്തി. നിരവധി വേദികളിൽ നാടൻപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. അഭിഭാഷകനായ മാത്തൂർ വൈശാഖിയിൽ സുരേഷ് ഇപ്പോൾ മാലിയിൽ അദ്ധ്യാപകനാണ്. അവിടുത്തെ നാടൻ പാട്ടായ ബോഡുബരോയെക്കുറിച്ച് പഠിച്ച് കേരളത്തിൽ പല വേദികളിലും ആവിഷ്കരിച്ചു. ഇന്ത്യയിലെ ഗോത്ര സംസ്കാരങ്ങളെക്കുറിച്ച് ഗവേഷണം നടത്തി പ്രചരിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തുന്നു. ജലവിഭവ വകുപ്പ് ഹെഡ് ക്ളാർക്ക് രാഗിണിയാണ് ഭാര്യ.. മകൻ- പവൻ സോമ.

പാക്കനാർ തുള്ളലിലെ സമഗ്ര സംഭാവനയ്ക്കാണ് പന്തളം നഗരസഭാചെയർപേഴ്സൺ കൂടിയായ സുശീല സന്തോഷിന് അവാർഡ് ലഭിച്ചത്. മുടിയൂർക്കോണം മന്നത്ത് വീട്ടിൽ സുശീല അമ്പത് വർഷത്തിലധികമായി പാക്കനാർ തുള്ളലിന്റെ ഭാഗമായിട്ട്. അച്ഛൻ എം.എസ് കുട്ടി ആശാനൊപ്പം വേദികളിൽ പോയാണ് പാക്കനാർ തുള്ളൽ പഠിച്ചത്. ദൂരദർശനിലും റേഡിയോ നിലയങ്ങളിലും ക്ഷേത്രങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അച്ഛൻ തുടങ്ങിവച്ച പാക്കനാർ സമിതി ഇപ്പോഴും സുശീല മുമ്പോട്ട് കൊണ്ടുപോകുന്നുണ്ട്. ഭർത്താവ് സന്തോഷും മക്കളായ ആര്യ, അശ്വതിയും മികച്ച പിന്തുണ നൽകുന്നു.