കോന്നി: മലയോര ജില്ലയുടെ ആരോഗ്യ തലസ്ഥാനമായ കോന്നി ഗവ.മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങിയേക്കും . ഈ മാസം അവസാനത്തോടെ തറക്കല്ലിട്ട് നിർമ്മാണം തുടങ്ങാനാണ് തീരുമാനം. കിഫ്ബിയിൽ നിന്നും 241.01 കോടി രൂപ അനുവദിച്ചതാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ 115 കോടി രൂപയാണ് ചെലവഴിച്ചത്.പുതിയ ആശുപത്രി ബ്ലോക്ക്, കോളേജ് ആൻഡ് അഡ്മിനിസ്‌ട്റേഷൻ ബ്ലോക്ക്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്​റ്റൽ, ടൈപ്പ് എ, ബി, സി, ഡി അപ്പാർട്ട്‌മെന്റുകൾ, ഡീൻസ് വില്ല, ഓഡി​റ്റോറിയം, മോർച്ചറി, ലോൺട്രി തുടങ്ങിയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്.

ഏഴ് നിലകളിലായി പുതിയ ആശുപത്രി കെട്ടിടം നിർമ്മിക്കും

രണ്ടാംഘട്ടത്തിൽ ഏ​റ്റവും പ്രധാനപ്പെട്ടത് 13644 സ്‌ക്വയർ മീ​റ്റർ വിസ്തീർണ്ണമുള്ള ഏഴ് നില ആശുപത്രി കെട്ടിടമാണ്. ഒന്നാം നിലയിൽ റിസപ്ഷൻ, ഫാർമസി, നേത്രരോഗ വിഭാഗത്തിന്റെയും അസ്ഥിരോഗ വിഭാഗത്തിന്റെയും ഒ.പി.വിഭാഗം.രണ്ടാം നിലയിൽ ജനറൽ സർജറി, ഇ.എൻ.ടി, ​ടി.ബി ആൻഡ് റസ്പിറേ​റ്ററി വിഭാഗം തുടങ്ങിയവയുടെ ഒ.പി. മൂന്നാം നിലയിൽ ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി ഡിപ്പാർട്ടുമെന്റുകൾ. നാലാം നിലയിൽ ജനറൽ സർജറി, നേത്രരോഗ വിഭാഗം തുടങ്ങിയവയുടെ വാർഡുകൾ.അഞ്ചാം നിലയിൽ ജനറൽ സർജറി വാർഡും, ഇ.എൻ.ടി വാർഡും. ആറാം നിലയിൽ അസ്ഥിരോഗ വിഭാഗം,ത്വക്ക് രോഗവിഭാഗം എന്നിവയുടെ രണ്ട് വാർഡുകൾ.ഏഴാം നിലയിൽ ഐസൊലേഷൻ വാർഡ് ,​ ടി.ബി ആൻഡ് റസ്പിറേ​റ്ററി വിഭാഗത്തിന്റെ വാർഡ് തുടങ്ങിയവ പ്രവർത്തിക്കും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്​റ്റൽ

പെൺകുട്ടികളുടെ ഹോസ്​റ്റൽ ആറു നിലകളിലായാണ് നിർമ്മിക്കുന്നത്. 5191 സ്‌ക്വയർ മീ​റ്ററാണ് വിസ്തീർണം. ആൺ കുട്ടികളുടെ ഹോസ്​റ്റൽ അഞ്ച് നിലകളിലായാണ് നിർമ്മിക്കുന്നത്. 4349 സ്‌ക്വയർ മീ​റ്റർ ആണ് വിസ്തീർണ്ണം.
11 നിലകളിലായാണ് ക്വാർട്ടേഴ്‌സ് അപ്പാർട്ട്‌മെന്റ് നിർമ്മിക്കുന്നത്. ടൈപ്പ് എ,ബി,സി,ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് അപ്പാർട്ട്‌മെന്റ് ഉണ്ടാക്കുക. ടൈപ്പ് എ 2497 സ്‌ക്വയർ മീ​റ്ററും, ടൈപ്പ് ബി 2497 സ്‌ക്വയർ മീ​റ്ററും, ടൈപ്പ് സി 3264 സ്‌ക്വയർ മീ​റ്ററും, ടൈപ്പ് ഡി 6097 സ്‌ക്വയർ മീ​റ്ററും വിസ്തീർണ്ണം വീതമാണ് ഉണ്ടാവുക.ഇതിന് പുറമെ പ്രിൻസിപ്പാളിനു താമസിക്കാൻ ഡീൻസ് വില്ല, ഓഡി​റ്റോറിയം,വി.ഐ.പി റൂമുകൾ, പാർക്കിംഗ് ഏരിയ തുടങ്ങിയവരും രണ്ടാംഘട്ടത്തിൽ ഉൾപ്പെടും.

24 മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കുന്ന നിലയിലാണ് രണ്ടാം ഘട്ട പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തറക്കല്ലിട്ട് എത്രയും വേഗം നിർമ്മാണം പൂർത്തീകരിക്കും. ഈ മാസം നാലിന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചർച്ചയിൽ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും. അനുമതി ലഭിച്ചാലുടൻ ടെണ്ടർ നടപടി പൂർത്തീകരിച്ച് നിർമ്മാണം തുടങ്ങും.

കെ.യു.ജനീഷ് കുമാർ
(എം.എൽ.എ)

-ആദ്യഘട്ടത്തിൽ 115 കോടി രൂപ

- രണ്ടാം ഘട്ടത്തിന് 241.01 കോടി രൂപ