ചെങ്ങന്നൂർ : സഭാ തർക്കവിഷയങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണം സത്യവിരുദ്ധവും സംശയകരവും പക്ഷവാതപരവുമാണെന്ന് ഡോ. മാത്യൂസ് മാർ തീമോത്തിയോസ്. തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തി ഒരു വിഭാഗത്തെ പ്രീതിപ്പെടുത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും സഭ ഒറ്റക്കെട്ടായി നേരിടും. മുഖ്യമന്ത്രിയുടെ പെരുമാറ്റം പദവിക്ക് ചേരാത്തതും പക്ഷപാതപരവുമെന്ന് മെത്രാപ്പോലീത്താ അറിയിച്ചു. സുപ്രീം കോടതി വിധികൾ നടപ്പിലാക്കുവാൻ ഭരണഘടനാ ബാദ്ധ്യതയുള്ള മുഖ്യമന്ത്രി വിധിയെ ദുർബലപ്പെടുത്തിയും,സഭയുടെ നാളിതുവരെയുള്ള ധാർമ്മികവും നിയമപരവുമായ നിലപാടുകളെ കുറ്റപ്പെടുത്തിയുമുള്ള പ്രതികരണം അപലപനീയമാണ്. ദിവസങ്ങളോളം മൃതശരീരം വച്ച് വിലപേശി പൊതുസമൂഹശ്രദ്ധനേടി കോടതി വിധിയെയും നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ച് അരാജകത്വം സൃഷ്ടിക്കുവാനുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമം പൊതുജന വികാരം അനുകൂലമാക്കാനുള്ള ബോധപൂർവമായ നീക്കമാണ്. ഓർത്തഡോക്സ് സഭയുടെ നീതിനിഷ്ഠമായ നിലപാടുകളെ നിഷ്‌കരുണം വിമർശിച്ചുകൊണ്ടുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ.രാജൻ വർഗ്ഗീസ് ,ഫാ.ബിജു റ്റി.മാത്യു ,ഫാ.സി.കെ. ഗീവറുഗീസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.