 
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് വിമതൻ പ്രസിഡന്റും, യു.ഡി.എഫ് വിമത വൈസ് പ്രസിഡന്റും. പഞ്ചായത്ത് പ്രസിഡന്റായി സി.പി.എം വിമതനായി 13ാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച ബിനോയി ചരിവുപുരയിടവും,വൈസ് പ്രസിഡന്റായി യു.ഡി.എഫ് വിമതയായി ഒന്നാം വാർഡിൽ നിന്നും ജയിച്ച ഷെറിൻ ജോയിയും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ മൂന്ന് അംഗങ്ങളും എൻ.ഡി.എയിലെ മൂന്ന് പേരും ബിനോയിയുടെ വോട്ടും കൂടി ഏഴ് വോട്ട് ലഭിച്ചു. എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ ആർ. കൃഷ്ണകുമാറിന് എൽ.ഡി.എഫിലെ അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്രയുടെയും ഉൾപ്പെടെ ആറ് വോട്ട് ലഭിച്ചു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഒന്നാം വാർഡിൽ നിന്നും ജയിച്ച ഷെറിൻ റോയിയും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി 12-ാം വാർഡിൽ നിന്നും ജയിച്ച ലത ചന്ദ്രനും എൻ.ഡി.എ സ്ഥാനാർത്ഥിയായി ഒമ്പതാം വാർഡിൽ നിന്നും ജയിച്ച അനിത ആർ.നായരും മത്സരിച്ചു. ആദ്യ റൗണ്ടിൽ ഷെറിൻ 6, ലത ചന്ദ്രൻ 3, അനിത ആർ. നായർ 3 എന്നിങ്ങനെയാണ് വോട്ടു ലഭിച്ചത്. രണ്ടാം സ്ഥാനം ഒരുപോലെ രണ്ടുപേർക്ക് വന്നതിനാൽ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പിൽ അനിത ചന്ദ്രൻ വിജയിച്ചു. ഇതിനെ തുടർന്ന് വീണ്ടും വോട്ടെടുപ്പ് നടന്നു. എൽ.ഡി.എഫ് അംഗങ്ങളുടെയും, ഷെറിന്റെയും കൂടി ഇവർക്ക് 6 വോട്ട് ലഭിച്ചു. അനിത ചന്ദ്രന് 3 വോട്ട് ലഭിച്ചു. യു.ഡി.എഫിന്റെ 3 അംഗങ്ങളും പ്രസിഡന്റ് ബിനോയി ചരിവുപുരയിടവും തങ്ങളുടെ വോട്ടുകൾ അസാധുവാക്കി. ഇതിനെ തുടർന്ന് ഷെറിൻ റോയി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. കഴിഞ്ഞ ഭരണ സമിതിയിൽ കള്ളിപ്പാറ ഒന്നാം വാർഡിൽ യു.ഡി.എഫിന്റെ പ്രതിനിധിയായാണ് റീന റോയി ജയിച്ചത്. ഇത്തവണ വാർഡ് ജനറൽ സീറ്റായതിനെതുടർന്ന് ഇവർക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. അതിൽ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിച്ച ജയിക്കുകയായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിനോയി ചരിവുപുരയിടം ആദ്യമായിട്ടാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. കന്നി അങ്കത്തിൽ തന്നെ പ്രസിഡന്റാകാനുള്ള ഭാഗ്യവും ലഭിച്ചു.