പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റായി തുടരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ശോഭാ ചാര്‍ളിയെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എന്‍. ശിവന്‍കുട്ടി അറിയിച്ചു. എല്‍.ഡി.എഫ് തീരുമാനത്തോടൊപ്പമാണ് കേരള കോണ്‍ഗ്രസ് എമ്മെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നിലും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിലെ ശോഭാ ചാര്‍ളിക്ക് രണ്ട് ബി.ജെ.പി അംഗങ്ങള്‍ പിന്തുണച്ചിരുന്നു. ബി.ജെ.പി അംഗങ്ങളാണ് ഇവരുടെ പേര് നിര്‍ദേശിച്ചതും പിന്താങ്ങിയതും. തുടര്‍ന്ന് എല്‍.ഡി.എഫിലെ അഞ്ചംഗങ്ങളും വോട്ടു ചെയ്തു. പ്രസിഡന്റ് രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എം ബുധനാഴ്ച സ്വീകരിച്ചത്. എന്നാല്‍ ബി.ജെ.പി പിന്തുണ വിവാദമായതോടെ നിലപാടില്‍ മാറ്റംവന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയാറല്ലെന്ന് അറിയിച്ചതോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അഞ്ചു വീതം അംഗങ്ങളും ബി.ജെ.പിക്ക് രണ്ടു പേരും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്. സ്വതന്ത്രാംഗം യു.ഡി.എഫിനൊപ്പം ചേര്‍ന്നതോടെയാണ് എല്‍.ഡി.എഫിനെ ബിജെപി പിന്തുണച്ചത്. കേരള കോണ്‍ഗ്രസ് എം പ്രതിനിധി പിന്തുണ ആവശ്യപ്പെട്ടതിനാലാണ് തങ്ങള്‍ പേര് നിര്‍ദേശിക്കുകയും പിന്താങ്ങുകയും ചെയ്തതെന്നാണ് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.