 
കൊട്ടാരക്കര. കഴിഞ്ഞ ഇരുപത് വർഷമായി തൃക്കണ്ണമംഗൽ ഞാറമൂട് തെറ്റിയോട് -പ്ളാപ്പള്ളി റോഡ് തകർന്ന് കിടക്കുകയാണ്. നാട്ടുകാരുടെ ദുരിതയാത്ര കണ്ടിട്ടും അധികൃതരാരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. കിലോമീറ്ററുകളോളം റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്രപോലും അസാദ്ധ്യമായ നിലയിലാണ്.റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം കൊട്ടാരക്കര നഗരസഭയിൽ ഈയ്യംകുന്ന് വാർഡിലും ബാക്കി ഭാഗം വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പരിധിയിലുമാണ്.
നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയം
ഈ പ്രദേശത്ത് അമ്പതോളം പട്ടികജാതി കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നു.ഇവർക്ക് കൊട്ടാരക്കര ടൗണിലോ, നെല്ലിക്കുന്നത്തോ ,ഓടനാവട്ടത്തോ എത്താനുള്ള പ്രധാന റോഡാണ് തകർന്ന് കിടക്കുന്നത്. റോഡ് തകർന്നതോടെ ഇതുവഴി ഓട്ടോ റിക്ഷയോ ,ടാക്സിയോ ഓട്ടം വിളിച്ചാൽ പോകാറില്ല. മെറ്റലും ടാറും ഇളകി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിൽ ഇരുചക്രവാഹനങ്ങളും പോകാൻ മടിക്കുന്നു.
പ്രദേശവാസികളുടെ കടുത്ത യാത്രാ ദുരിതം പരിഹരിക്കുന്നതിന് എത്രയും വേഗം റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണം. നഗരസഭയോ ,ബ്ലോക്ക് പഞ്ചായത്തോ, ജില്ലാ പഞ്ചായത്തോ മുൻ കൈ എടുത്താൽ മാത്രമെ പ്രശ്ന പരിഹാരമുണ്ടാകൂ .തട്ടം ഞാറമൂട് പ്രദേശവാസികളുടെ യാത്രാക്ളേശത്തിന് ശാശ്വത പരിഹരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പലതവണ നിവേദനം നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല.ജനകീയ കൂട്ടായ്മ ഉണ്ടാക്കി റോഡ് ഉപരോധം ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകും.
തൃക്കണ്ണമംഗൽ ജനകീയ വേദി