ഓടനാവട്ടം: നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ച കോൺക്രീറ്റ് റോഡ് മാസങ്ങൾ തികയും മുമ്പേ തകർന്നു. വെളിയം പഞ്ചായത്ത് കുടവട്ടൂരിലെ പിച്ചക്കോട് ലക്ഷം വീട് കോളനി-ചെറുകരക്കോണം റോഡിനാണ് ഈ ദുർവിധി ഉണ്ടായത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 14, 67, 340 രൂപാ എസ്റ്റിമേറ്റിൽ പണി തീർത്ത റോഡാണിത്. ഇക്കഴിഞ്ഞ മാർച്ച് 4ന് നിർമ്മാണം ആരംഭിച്ച റോഡ് 4മാസം കൊണ്ട് പൂർത്തിയായി. പഞ്ചായത്ത് പ്രസിഡന്റാണ് റോഡിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.
റോഡിൽ വിള്ളലുകൾ
നിർമ്മാണം കഴിഞ്ഞ് മാസങ്ങളാകും മുമ്പേ റോഡിന്റെ പല ഭാഗങ്ങളിലും വിള്ളലുകൾ വീണു തുടങ്ങി. റോഡിന്റെ നടുവിലായി മണ്ണും പാറകളും ഇളകി മറിഞ്ഞു കിടക്കുകയാണ്. പ്രദേശത്തെ ലക്ഷം വീട് കോളനി, പട്ടിക ജാതി പട്ടിക വർഗ മേഖല, കാർഷിക ഏല എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്.
റോഡ് പണിയിൽ ഉണ്ടായ ക്രമക്കേടുകളും അഴിമതിയുമാണ് തകർച്ചയ്ക്ക് കാരണമായത് എന്നാണ് പ്രദേശ വാസികൾ ഉന്നയിക്കുന്ന ആക്ഷേപം.റോഡിന്റെ ശിലാഫലകം ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്നതായും പരാതിയുണ്ട്. റോഡിന്റെ നിർമ്മാണത്തിൽ വന്ന അപാകതയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരിൽ നിന്നും നഷ്ട പരിഹാരം നേടി റോഡ് സഞ്ചാര യോഗ്യമാകണം എന്നാണ് നാട്ടുകാരുടെ അപേക്ഷ.
റോഡ് പണിയിൽ അഴിമതി നടന്നിട്ടുണ്ടാകണം. അതിനെക്കുറിച്ച് അന്വേഷണം വേണം. എന്നിട്ടേ കരാറുകാർക്കുള്ള ബിൽ നൽകാവൂ. കൂടാതെ എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കണം .
ശിവാനന്ദൻ, രാജേഷ് ഭവൻ (പ്രദേശ വാസി )
വെറും തട്ടിക്കൂട്ട് പണിയാണ് ഇവിടെ നടത്തിയിരിക്കുന്നത്. എസ്റ്റിമേറ്റ് തുക വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ഇവിടുത്തെ പാവപ്പെട്ടവരുടെയും കർഷകരുടെയും റോഡാണിത്. അന്വേഷണം അതാവശ്യമാണ്. കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കണം. അടുത്ത മഴയ്ക്ക് മുൻപേ റോഡ് സഞ്ചാര യോഗ്യമാക്കണം .
കുടവട്ടൂർ സന്തോഷ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി