അടിയന്തര സാഹചര്യം നേരിടാൻ ഒരുക്കം
കൊല്ലം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിൽ അതിതീവ്രമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ ജില്ലയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് നടത്തുക. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനുള്ള സൗകര്യമൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും തഹസിൽദാർമാർക്കും ജില്ലാഭരണകൂടം നിർദേശം നൽകി.
അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ ആംബുലൻസ്, ക്രെയിൻ, മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ളവ മുൻകൂട്ടി സജ്ജമാക്കി. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉപയോഗപ്പെടുത്തും. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായാൽ എത്രയും വേഗത്തിൽ പകരം സംവിധാനമൊരുക്കണമെന്ന് ബി.എസ്.എൻ.എല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണമായും വിലക്കിയിരിക്കുകയാണ്. കെ.എസ്.ഇ.ബി, ഫിഷറീസ്, പൊലീസ്, റവന്യൂ വിഭാഗങ്ങൾ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നു. കടലിൽ പോയവരെ തിരികെയെത്തിക്കാൻ ജാഗ്രതാ സമിതി മുഖേനെ കോസ്റ്റൽ പൊലീസ് ഫലപ്രദമായ ഇടപെടൽ നടത്തുകയാണ്.
കരുതിയിരിക്കണം വൈദ്യുതി അപകടങ്ങളെ
കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയെ ഉടൻ വിവരം അറിയിക്കണം. ഉപകരണങ്ങൾ സഹിതം ജീവനക്കാർ 24 മണിക്കൂറും സജ്ജമാണ്. വിളിക്കേണ്ട നമ്പറുകൾ: 9496 010101, 1912, 04712 555544, 9496061061, വാട്ട്സ് ആപ്പ് 9496001912
ഇക്കാര്യങ്ങൾ ഓർമ്മയിൽ വേണം
1. മലയോര മേഖലയിലെ ഗതാഗതം രാത്രി 7 മുതൽ രാവിലെ 7 വരെ നിയന്ത്രിക്കും. നാലുവരെ നിയന്ത്രണം തുടരും
2. പരമാവധി വീട്ടിനുള്ളിൽത്തന്നെ കഴിയാൻ ശ്രദ്ധിക്കണം
3. പ്രളയ - മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലയിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം
4. പുഴ, തോട്, ബീച്ച് എന്നിവിടങ്ങളിൽ ഇറങ്ങരുത്
5. മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്
6. പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരല്ലാത്തവർ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സ്ഥലങ്ങൾ സന്ദർശിക്കരുത്
7. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സ്ഥാനാർത്ഥികളും പ്രവർത്തകരും കൂടുതൽ ശ്രദ്ധിക്കണം
8. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാദ്ധ്യത
കളക്ടറേറ്റ് കൺട്രോൾ റൂം നമ്പരുകൾ
0474 2794002, 0474 2794004, 1077