
കൊല്ലം: വിപണിയിൽ വിറ്റഴിക്കപ്പെടുന്നതിലേറെയും കൃത്യമായ ഗുണനിലവാര പരിശോധന നടത്താത്ത കുപ്പിവെള്ളം. നിർമ്മാതാക്കളുടെ ശരിയായ മേൽവിലാസം രേഖപ്പെടുത്താത്ത കുപ്പിവെള്ളങ്ങളാണ് വിപണിയിൽ കൂടുതലായെത്തുന്നത്. പായ്ക്ക് ചെയ്ത് വരുന്ന വെള്ളമായതിനാൽ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും സാമ്പിൾ പരിശോധിക്കാൻ ശ്രമിക്കുന്നില്ല. നടപടികൾക്ക് വേണ്ടി നിർമ്മാതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചാൽ ടെലഫോൺ നമ്പരും മേൽവിലാസവും വ്യാജമായിരിക്കും. ഗുണനിലവാര പരിശോധന നടത്താതെയും മേൽവിലാസം രേഖപ്പെടുത്താതെയും വിൽക്കുന്ന കുപ്പിവെള്ളങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കാറില്ലെന്ന ആക്ഷേപം ശക്തമാണ്. ഗുണനിലവാര പരിശോധന നടത്താത്ത കുപ്പിവെള്ളങ്ങൾ ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.