 
പത്തനാപുരം :കിഴക്കൻ മലയോര മേഖല കീഴടക്കി കാട്ടുപന്നികൾ.
പട്ടാഴി വടക്കേക്കര, നെടുവത്തൂർ ,പുന്നല, ചെമ്പനരുവി ,പൂങ്കുളഞി, കറവൂർ, കമുകുംചേരി, മേഖലകളിലാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്. കൃഷി വിളകൾ എല്ലാം നശിപ്പിക്കുന്ന കാട്ടുപന്നികളെകൊണ്ട് ഏറെ ആശങ്കയിലായിരിക്കുന്നത് കർഷകരാണ്. കൂട്ടമായും ഒറ്റക്കുമെത്തുന്ന കാട്ടുപന്നികൾ മരച്ചീനി ,വാഴ ,റബർ, ചേമ്പ് ,ചേന എന്നിങ്ങനെ എല്ലാ കൃഷി വിളകളും നശിപ്പിക്കുന്നു.കൂടാതെ മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായി.
പന്നിയെ കൊല്ലാൻ ആളില്ല
പകൽ സമയങ്ങളിലാണ് പന്നിശല്യം കൂടുതൽ. ഒറ്റയാൻ പന്നിയുടെ ആക്രമണത്തിൽ നിരവധി ജീവനുകളാണ് മേഖലയിൽ നഷ്ടമായത് . വെടിവെച്ച് കൊല്ലാൻ വനംവകുപ്പ് അനുവാദം നൽകിയെങ്കിലും ആരും തയ്യാറായി മുന്നോട്ട് വരാത്തതും പ്രതിസന്ധി കൂട്ടുന്നു.
ആയിരം രൂപ നൽകാമെന്ന വാഗ്ദാനം വനംവകുപ്പിൽ നിന്ന് ഉണ്ടായിട്ടും പന്നിയെ കൊല്ലാൻ മേഖലയിൽ രണ്ടുപേർ മാത്രമാണ് ആണ് അപേക്ഷ നൽകിയത്. ലൈസൻസ് ഉള്ളവർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പന്നിയെ കൊല്ലാൻ ഉള്ള അനുവാദം ലഭിച്ചത് .
പിറവന്തൂരിൽ കുഴിയിൽ അകപ്പെട്ട
പന്നിയെ വനത്തിൽ വിട്ടു
പിറവന്തൂർ പഞ്ചായത്തിലും പന്നി ഉൾപ്പെടെവന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്. കിഴക്കേഭാഗം മാക്കുളം തെക്കേപറമ്പിൽ ക്ലാരമ്മ തരകന്റെ കൃഷിയിടത്തിൽ വെള്ളത്തിനായി നിർമ്മിച്ച കുഴിയിൽ അകപ്പെട്ട ഒറ്റയാൻ പന്നിയെ വനപാലകരെത്തി നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി കടശ്ശേരി ഉൾവനത്തിൽ വിട്ടു .വനപാലകാരായ അബ്ദുൾ റഹിം, രാജൻ, ബിജു, സുര,സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പന്നിയെ പിടികൂടി വനത്തിൽ വിട്ടത്. ഒറ്റയാൻ പന്നിയുടെ അക്രമണത്തിൽ നിന്ന് കർഷകതൊഴിലാളികളായ കിട്ടുവും(ബിനു ) മനോഹരനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പകൽ കാട്ടുപന്നിയുടെ അക്രമണത്തിൽ പുന്നലയിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു.പരിക്കേറ്റവരിൽ ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം. ഹുനൈസ് പി.എം. സാഹിബ്.(പൊതു പ്രവർത്തകൻ) കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ചുറ്റു വേലികൾ സ്ഥാപിക്കാൻ കർഷകർക്ക് സർക്കാർ സഹായം ലഭ്യമാക്കണം ക്ലാരമ്മ തരകൻ.മാക്കുളം കർഷക വനിത.