 
കൊല്ലം : നഗരത്തിലെത്തുന്നവർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുമെന്ന ഉറപ്പുമായി കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. കൊല്ലം നഗരത്തെ വിശപ്പുരഹിത നഗരമാക്കുമെന്നാണ് വാഗ്ദാനം. കൊല്ലം പ്രസ് ക്ലബ് ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, മുസ്ലിംലീഗ് നേതാവ് എ. യൂനുസ് കുഞ്ഞ് എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
1. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കും. ബി.പി.എൽ കുടുംബങ്ങൾക്ക് കുടിവെള്ളം സൗജന്യം
2. കോർപ്പറേഷനിലെ എല്ലാ ഡിവിഷനുകളിലും ജനങ്ങളുടെ സേവനത്തിനായി ഓഫീസുകൾ തുറക്കും
3. മാലിന്യ സംസ്കരണത്തിന് പദ്ധതികൾ, ജൈവ പച്ചക്കറികൾക്ക് സ്ഥിരംവിപണന കേന്ദ്രങ്ങൾ
4. അർഹരായ എല്ലാവർക്കും പട്ടയം നൽകും
5. 700 ചതുരശ്ര അടിവരെ വിസ്തീർണമുള്ള വീടുകൾക്ക് വീട്ടുകരം ഒഴിവാക്കും. അശാസ്ത്രീയമായി കൂട്ടിയ വീട്ടുകരം കുറയ്ക്കും
6. ബി.പി.എൽ കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ വൈദ്യുതി
7. പ്രത്യേക ഹെൽത്ത് കാർഡ്, നഗരവാസികൾക്ക് നഗരപരിധിയിലെ ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ
8. എല്ലാ ആയുർവേദ - ഹോമിയോ ആശുപത്രികളിലും കിടത്തിച്ചികിത്സ
9. തൊഴിലാളികൾക്ക് ദിവസവും തൊഴിൽ നൽകാൻ ജോബ് പോർട്ടൽ
10. നഗരത്തിൽ എല്ലാ ദിവസവും ആറ് മണിക്കൂർ സൗജന്യ വൈഫൈ
11. അത്യാധുനിക സൗകര്യങ്ങളോടെ അറവുശാല
12. കൊല്ലം തോടിന്റെ വികസനം പൂർത്തിയാക്കും
13. ബി.പി.എൽ, എസ്.സി - എസ്.ടി കുടുംബങ്ങളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സൈക്കിൾ
14. കൊല്ലം ബ്രാന്റ് മത്സ്യം വിപണിയിലെത്തിക്കും. ഡിവിഷൻ തോറും മത്സ്യവിപണന കേന്ദ്രങ്ങൾ
15. വൈറ്റില മാതൃകയിൽ ബസ് മൊബിലിറ്റി ഹബ്. തീരദേശങ്ങളെ ബന്ധിപ്പിച്ച് സർക്കുലർ ബസ്
16. തിരുമുല്ലവാരത്ത് ബലി തർപ്പണ സൗകര്യങ്ങൾ വിപുലപ്പെടുത്തും
17. ശ്മശാനങ്ങൾ ആധുനികമാക്കും. ബി.പി.എൽ കുടുംബാംഗങ്ങളുടെ സംസ്കാര ചടങ്ങുകൾ സൗജന്യമാക്കും
18. കൊല്ലം ഫെസ്റ്റ് സ്ഥിരമാക്കും. മാസം തോറും രാത്രികാല കച്ചവടത്തിന് സൗകര്യമൊരുക്കും
19. കൊല്ലം നഗരഹൃദയത്തിൽ കോടതി സമുച്ചയം സ്ഥാപിക്കും
20. പ്രസിഡന്റ് ട്രോഫി വള്ളം കളി കോർപ്പറേഷൻ ഏറ്റെടുക്കും. ചിന്നക്കട, ചാമക്കട, പായിക്കട, വലിയകട തെരുവുകൾ പൈതൃക വീഥികളാക്കും.