കരുനാഗപ്പള്ളി: തിരഞ്ഞെടുപ്പിന് 6 ദിവസങ്ങൾ മാത്രം ശേഷിക്കെ കരുനാഗപ്പള്ളി നഗരസഭയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂട് പകർന്ന് മുന്നണിയുടെ സംസ്ഥാന നേതാക്കൾ എത്തുന്നു. 4 ന് വൈകിട്ട് 3 മണിക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ കരുനാഗപ്പള്ളിയിൽ എത്തും. ഒട്ടത്തിൽമുക്കിന് സമീപമുള്ള ശ്രീധരീയം ഓഡിറ്റോറിയം ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 35 ഡിവിഷനുകളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കണമെന്ന് എൽ.ഡി.എഫ് കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്റി നിർദ്ദേശം നൽകി.

4 ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് അഖിലേന്ത്യ നേതാവുമായ കെ.സി.വേണുഗോപാൽ കരുനാഗപ്പള്ളി നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഡിവിഷനകളിലെ യോഗങ്ങളിൽ പങ്കെടുക്കും. തുടർന്ന് അദ്ദേഹം തഴവാ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സംഘടിപ്പിക്കുന്ന യോഗങ്ങളിലും പങ്കെടുക്കും.

ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ കരുനാഗപ്പള്ളി നഗരസഭയിലും ത്രിതലപഞ്ചായത്തുകളിലും പര്യടനം നടത്തും. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനർാത്ഥികളും മുന്നണി നേതാക്കളും വീട് വീടാന്തരം കയറിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ബ്ലോക്ക് യോഗങ്ങളും കുടുംബയോഗങ്ങളും പൂർത്തിയാക്കി ബൂത്ത് ഉദ്ഘാനത്തിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കുന്നു. മുന്നണികളുടെ പ്രകടന പത്രികകൾ വോട്ടർമാരുടെ കൈകളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്നലെ മുതൽ ആരംഭിച്ച് കഴിഞ്ഞു.