c

കൊല്ലം: മൂന്നുമുന്നണികളും വാശിയേറിയ പ്രചാരണവുമായി തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായതോടെ ആവേശം ഇരട്ടിച്ചു. ഓൺലൈനായി നടത്താനിരുന്ന പല സമ്മേളനങ്ങളും ഒഴിവാക്കി നേതാക്കൾ നേരിട്ട് പ്രധാന കവലകളിലെത്തി പ്രചാരണത്തിന് നേതൃത്വം നൽകണമെന്നാണ് മൂന്ന് മുന്നണികളുടെയും തീരുമാനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മൂന്നിന് ജില്ലയിലെത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ബുധനാഴ്ചയും ഇടതുമുന്നണി നേതാക്കൾ തൊട്ടടുത്ത ദിവസങ്ങളിലും ജില്ലയിൽ പര്യടനം നടത്തും.

പ്രതീക്ഷയോടെ എൽ.ഡി.എഫ്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ ഭൂരിഭാഗം സീറ്റുകളും നേടിയാണ് ഇടതുമുന്നണി ഭരണം പിടിച്ചത്. ഇക്കുറിയും വിജയം ആവർത്തിക്കണമെന്നാണ് ഇടതുമുന്നണി യോഗങ്ങളിൽ പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പരമാവധി കുടുംബയോഗങ്ങളിൽ ശ്രദ്ധിക്കാനാണ് ശ്രമം. സർക്കാരിനെതിരായ ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് സത്യാവസ്ഥ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്നാണ് നിർദ്ദേശം. ഏറ്റവും കുറഞ്ഞത് 20 സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി

തിരിച്ചുവരാൻ കോൺഗ്രസ്
ജില്ലാ പഞ്ചായത്തിൽ ഏറ്റവും കുറഞ്ഞത് 22 സീറ്റെങ്കിലും നേടുമെന്നാണ് യു.ഡി.എഫിന്റെ വാദം. മികച്ച പ്രചാരണം ആസൂത്രണം ചെയ്തില്ലെങ്കിൽ മണ്ഡലം പ്രസിഡന്റുമാർ മുതലുള്ളവർ അതിന് ഉത്തരവാദിയായിരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. വിജയിച്ചു കയറാൻ ഇതുപോലുള്ള സുവർണാവസരം ഇനി കിട്ടാനില്ലെന്നാണ് യു.ഡി.എഫ് ക്യാമ്പുകൾ വ്യക്തമാക്കുന്നത്. ജില്ലാ പഞ്ചായത്തിലെ സീറ്റുനിർണയത്തിൽ കാര്യമായ പ്രശ്നങ്ങളുണ്ടായത് കുളത്തൂപ്പുഴ മാത്രമാണ്. ബാക്കിയെല്ലായിടത്തും വലിയ ആക്ഷേപങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനായെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

10 നേടാൻ ബി.ജെ.പി
കുറഞ്ഞത് 10 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളെങ്കിലും ഇക്കുറി പിടിച്ചെടുക്കുമെന്ന വാശിയിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. 25 സീറ്റിലും ബി.ജെ.പിയാണ് മത്സരിക്കുന്നത്. ഒരു സീറ്റ് ബി.ഡി.ജെ.എസിനാണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് വന്ന ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ ഇക്കുറി വിജയം നേടാമെന്നാണ് കണക്കുകൂട്ടൽ. കൃത്യമായ ആസൂത്രണത്തോടെ പലേടത്തും ബി.ജെ.പിയുടെ സ്‌ക്വാഡ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.