ഓച്ചിറ: ഇന്നലെ ഓച്ചിറ മെഴുവേലിൽ ശ്രീനികേതനിൽ ശ്രീകുമാറിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളും വീടിന്റെ ജനൽ പാളികളും തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയായിരുന്നു സംഭവം.ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടപ്പോഴേക്കും ഒന്നിലധികം പേർ വീട്ടുമുറ്റത്തെ വാഹനങ്ങൾ അടിച്ചു തകർക്കുന്നതും ജനൽ അടിച്ചു തകർക്കുന്നതുമാണ് കണ്ടത്. ഭയം കൊണ്ട് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയില്ല. കഴിഞ്ഞ 26ന് രാത്രി ശ്രീകുമാറിന്റെ മകൻ വാഹനത്തിൽ വന്ന് വീട്ടിലേക്ക് കയറുന്നതിനിടയിൽ റോഡ് ബ്ലോക്ക് ആയതിനെ തുടർന്ന് പരിസരവാസിയായ ഗുണ്ടാ നേതാവുമായി വാക്കുതർക്കം ഉണ്ടായതായി പറയപ്പെടുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് മേമന സ്വദേശികളായ ബൈജു, വിശാഖ് തുടങ്ങി ഏഴ് പേർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴത്തെ സംഭവം അതിന്റെ പ്രത്യാഘാതം ആയിരിക്കുമെന്നു കരുതുന്നു. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും രണ്ട് പേരുടെ ചിത്രം ലഭിച്ചിട്ടുണ്ട്. 3 കാറുകളും വീടിന്റെ ജനൽ ചില്ലുകളുമാണ് തകർത്തത്. ഓച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുട്ടുണ്ട്. ശ്രീകുമാർ കരുനാഗപ്പള്ളി ഗവ.ആശുപത്രിയിൽ നിന്നും സെക്രട്ടറിയായി വിരമിച്ചതാണ്. ഭാര്യ ബിനു ഹെൽത്ത് സൂപ്രണ്ട് ആയി ജോലി ചെയ്യുന്നു.