 
തൊടിയൂർ: വർഷങ്ങളായി തകർന്ന് കുളമായി കിടന്ന തൊടിയൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ കാവുംകടമുക്ക്  ത്രിവേണി ജംഗ്ഷൻ റോഡ് ടാർ ചെയ്യുന്ന ജോലികൾ അവസാനഘട്ടത്തിൽ എത്തി.റോഡിന്റെ ശോചനീയാവസ്ഥ നേരിട്ട് ബോദ്ധ്യപ്പെട്ട ആർ.രാമചന്ദ്രൻഎം.എൽ.എ അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം അനുവദിച്ചു.തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി.
വാർത്ത തുണയായി
കരാറുകാരൻ രണ്ട് മാസം മുമ്പ് ടാറിംഗിന് മുമ്പുള്ള മെറ്റിലിംഗ് പണികൾ നടത്തി. എന്നാൽ ഇതോടെ റോഡ് പണിയുമായി ബന്ധപ്പെട്ട് പുതിയവിവാദങ്ങൾ ഉയർന്നു.എസ്റ്റിമേറ്റിൽ പറയുന്ന അളവിൽ മെറ്റൽ ഇട്ടില്ല എന്നതായിരുന്നു നാട്ടുകാരുടെ പരാതി. ഇതോടെ കരാറുകാരൻ പണി നിറുത്തിപ്പോയി.ദിവസങ്ങൾ കഴിഞ്ഞപ്പോൾ റോഡിൽ ഉറപ്പിച്ചിരുന്നമെറ്റൽ ഇളകി നിരന്ന് കാൽ നടയാത്ര പോലും അസാദ്ധ്യമായി ഇരുചക്രവാഹന യാത്രക്കാരായ പലർക്കും റോഡിൽ വീണ് പരിക്കേറ്റു. റോഡ് ടാർ ചെയ്യണമെന്ന ആവശ്യവുമായി പ്രദേശവാസികൾ വീണ്ടും ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ 18ന് കേരള കൗമുദി വാർത്തപ്രസിദ്ധീകരിച്ചു.ഇതേത്തുടർന്ന് റോഡ് പണി പുനരാരംഭിക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.