kottara
kottara

വ്യാപാരികൾ പ്രതിസന്ധിയിൽ

കൊട്ടാരക്കര: മഴ മാനത്ത് കണ്ടാൽ ആശങ്കയിലാകുന്ന ഒരുപറ്റം വ്യാപാരികളുണ്ട് കൊട്ടാരക്കരയിൽ. വർഷങ്ങളായി കൊട്ടാരക്കര ടൗണിൽ വ്യാപാരം നടത്തുന്ന ഇവരെ ഭയപ്പെടുത്തുന്നത് മഴമേഘങ്ങൾ മാത്രമാണ്. നാളിതുവരെ സമ്പാദിച്ചതെല്ലാം മഴയിൽ ഒലിച്ചുപോകും, അല്ലെങ്കിൽ മഴവെള്ളത്തിൽ നശിച്ചുപോകും എന്ന ഭയമാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.

റോഡിൽ വെള്ളം കെട്ടിനിൽക്കും

കൊട്ടാരക്കര ടൗണിൽ ചെറിയ മഴ പെയ്താൽപോലും ഓടകൾ നിറഞ്ഞ് കവിഞ്ഞ് റോഡിൽ വെള്ളം കെട്ടിനിൽക്കും. കെട്ടിനിൽക്കുന്ന മഴവെള്ളം റോഡ് വക്കിലെ എട്ടോളം കടകൾക്കുള്ളിലേക്ക് കുത്തിയിറങ്ങും. വളരെ പരിമിതമായ സ്ഥല സൗകര്യത്തിൽ പ്രവർത്തിക്കുന്ന കടകളിലെ വിൽക്കാനുള്ള സാധനങ്ങളൊക്കെ നിലത്ത് ചാക്കിലോ , ബയന്റിലോ ഇട്ടാണ് സൂക്ഷിക്കുന്നത്. അവയെല്ലാം മഴവെള്ളത്തിൽ നശിക്കുന്നതോടെ ഒരു വർഷം നടത്തിയ കച്ചവടത്തിന്റെ സർവ ലാഭവും നശിക്കും

ഓടകൾ ശാസ്ത്രീയമായി പരിഷ്കരിക്കണം

ഓടകൾ ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പലപ്പോഴും പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടുണ്ട്. ഓടകൾക്ക് മുകളിൽ സ്ളാബുകൾ സ്ഥാപിച്ചപ്പോൾ പുത്തൂർ റോഡിൽ മിനർവ ജംഗ്ഷനിൽ നിന്നും മറ്റും ഒഴുകിയെത്തുന്ന മഴവെള്ളം ഓടയിൽ എത്താതെ റോഡിലൂടെ പരന്നോഴുകും. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ളാബുകളിൽ എത്തുന്ന മഴ വെള്ളം ഒാടയിലെക്ക് ഒഴുക്കേണ്ട വാട്ടർ ഹോളുകൾ പാഴ് വസ്തുക്കളും മാലിന്യവും വന്നടിഞ്ഞ് അടയുന്നതോടെയാണ് മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത്. എത്രയും വേഗം അധികൃതർ ഇടപെട്ട് മഴവെള്ളം ടൗണിൽ കെട്ടി നിൽക്കാതെ ഓടയിൽ കൂടി ഒഴുകാനുള്ള വാട്ടർ ഹോളുകൾ പുനസ്ഥാപിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.