 
ഓച്ചിറ: തിരഞ്ഞെടുപ്പിന്റെ മറവിൽ ഗുണ്ടാസംഘങ്ങൾ സജീവമായി. പ്രബല രാഷ്ട്രീയപാർട്ടികളുടെ സംരക്ഷണയിലാണ് ഇവരുടെ പ്രവർത്തനം. കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മേമന മെഴുവേലിൽ ശ്രീനികേതനിൽ ശ്രീകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന സംഘം വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന കാറുകളും ജനൽ ഗ്ലാസുകളും അടിച്ചു തകർത്തത്. കഴിഞ്ഞ 26ന് രാത്രിയിൽ ശ്രീകുമാറിന്റെ മകൻ റെയിവേ ഉദ്യോഗസ്ഥനായ അജയ് ജോലിക്ക് ശേഷം വീട്ടിലേക്ക് വരുമ്പോൾ പ്രതികൾ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളുടെ ആക്രമണഭീതി കാരണം ഒരു രാത്രി മുഴുവൻ പൊലീസ് വീടിന് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇൗ സംഭവത്തിൽ മേമന സ്വദേശികളായ ബൈജു, വൈശാഖ് എന്നിവരുൾപ്പടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് ശ്രദ്ധ കുറഞ്ഞപ്പോൾ പ്രതികൾ വീണ്ടും വീട് ആക്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ഓച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും.
സംരക്ഷണം മനുഷ്യാവകാശസംഘടനകൾ
ഓച്ചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ വ്യാജ മനുഷ്യവകാശ സംഘടനകളുടെ പിൻബലത്തിലാണ് ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിൽ ഇവർക്ക് ആവശ്യമായി നിയമസഹായം നൽകുന്നത് ഇൗ മനുഷ്യാവകാശ സംഘടനകളാണ്. വൈരാഗ്യമുള്ള വ്യക്തികളുടെ വീട് ആക്രമണം, സാക്ഷിപറയുന്നവരെ ഭീഷണിപ്പെടുത്തുക, മയക്കുമരുന്ന് വ്യാപാരം എന്നിവയാണ് ഗുണ്ടാസംഘങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ.
ചിലർ ജയിലിൽ
ഓച്ചിറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി ഗുണ്ടാ നേതാക്കളെ പൊലീസ് കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചിട്ടുണ്ട്. ഓച്ചിറ പായിക്കുഴി മോഴൂർതറയിൽ പ്യാരി (23)യെ കഴിഞ്ഞ ദിവസം കാപ്പ ചുമത്തി റിമാൻഡ് ചെയ്തിരുന്നു. ഓച്ചിറ, കായംകുളം, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതിയാണ് പ്യാരി. ദേശീയപാതയിൽ വാഹനം തടഞ്ഞ് നിറുത്തി മോഷണം , ലഹരി മരുന്ന് വ്യാപാരം, പോക്സോ കേസുകൾ എന്നിവയാണ് പ്യാരിയുടെ പേരിലുള്ള കേസുകൾ.