biju

കൊല്ലം: മങ്ങാടിന്റെ മണ്ണും മനസും ചുവന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 40 കൊല്ലമായി മങ്ങാടുകാർ ഹൃദയപിന്തുണ നൽകിയിട്ടുള്ളത് ഇടതുപക്ഷത്തിനാണ്. ഇങ്ങനെ ചുവപ്പിനെ നെഞ്ചോട് ചേർത്തുനിറുത്തുന്ന മങ്ങാട് ഇത്തവണയും പതിവ് തെറ്റിക്കില്ല. കാരണം, അവർ വളർത്തിയ, അവർ ഹൃദയത്തോട് ചേർത്തുനിറുത്തിയ ബിജു അരവിന്ദാണ് ചെങ്കോടിയെന്തി വോട്ടുതേടുന്നത്.

മങ്ങാട് എങ്ങനെയുണ്ട്, നിറം മാറുമോയെന്ന് മുണ്ടയ്ക്കവിള കായൽവാരത്തെ കശുഅണ്ടി തൊഴിലാളിയായ സുഭദ്രയോട് വെറുതെയൊന്ന് ചോദിച്ചു. സുഭദ്രയുടെ മുഖം ചുവന്നു. ' നിറം മാറാനോ?, മങ്ങാട് ഇത്തവണയും ചുവക്കും. ഞങ്ങടെ സഖാവാണ് സ്ഥാനാർത്ഥി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫാക്ടറി തുറക്കാൻ നിരാഹാരം കിടന്നയാളാണ്. ഞങ്ങളുടെ ക‌ഞ്ഞികുടി മുട്ടിയപ്പോൾ ഒപ്പം പട്ടിണി കിടന്നയാൾ. ഞങ്ങടെ അരവിന്ദാക്ഷൻ സഖാവിന്റെ മോനല്ലേ '. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മങ്ങാട്ടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അരവിന്ദാക്ഷൻ. എം.എൻ. ഗോവിന്ദൻ നായർ അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് ഒളിവിൽ പാർക്കാൻ ഇടമൊരുക്കിയ പാർട്ടിക്കാരൻ. ആ ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റുകാരന്റെ മകനാണ് ബിജു അരവിന്ദ്. മങ്ങാട് കശുഅണ്ടി തൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും നാടാണ്. ഇപ്പോൾ വലിയൊരു വിഭാഗം അഭ്യസ്തവിദ്യരായ പുതുതലമുറയുമുണ്ട്. അവർക്ക് ഇന്നലകളെ കുറിച്ച് നന്നായറിയാം. ആ തിരിച്ചറിവാണ് മങ്ങാട് ബിജു അരവിന്ദിന്റെ വിജയം ഉറപ്പാക്കുന്നത്. കായൽവാരത്തെ സുഭദ്രയെപ്പോലെയാണ് മങ്ങാട്ടെ ഭൂരിഭാഗം വോട്ടർമാരുടെയും പ്രതികരണം.

 തലക്കനമില്ലാത്ത കമ്മ്യൂണിസ്റ്റുകാരൻ

അലക്കിത്തേച്ച ഷർട്ട് ചുളുങ്ങാത്ത രാഷ്ട്രീയ പ്രവർത്തനമല്ല ബിജു അരവിന്ദിന്റേത്. തൊഴിലാളികൾക്കും പ്രായമായവർക്കും പെൻഷനുള്ള അപേക്ഷ എഴുതി നൽകും. എല്ലാമാസവും പെൻഷൻ കിട്ടിയോയെന്ന് വീടുകളിലെത്തി തിരക്കും. കിട്ടിയില്ലെങ്കിൽ കൗൺസിലറെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കും. ആർക്കെങ്കിലും പെട്ടെന്ന് അസുഖം വന്നാൽ ഏത് പാത്രിരാത്രിയാണെങ്കിലും വണ്ടി വിളിച്ച് വരുത്തി ആശുപത്രിയിൽ കൊണ്ടുപോകും. ചെറുപ്പം മുതലേ രക്തദാന പരിപാടിയുടെ സംഘാടകനാണ്. ചികിത്സയ്ക്ക് രക്തം ആവശ്യമായി വരുമ്പോൾ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ വിളിക്കും. ചില പാത്രിരാത്രികളിൽ എത്ര ശ്രമിച്ചാലും മറ്റാരെയും കിട്ടില്ല. അപ്പോൾ ബിജു തന്നെ പോകും. അങ്ങനെ ഇതുവരെ അൻപതിലേറെ തവണ രക്തംദാനം ചെയ്തിട്ടുണ്ട്. ഇങ്ങനെ നേതാവിന്റെ തലക്കനമില്ലാത്ത നഗരത്തിലെ നാട്ടിൻപുറത്തുകാരാനായ കമ്മ്യൂണിസ്റ്റുകാരൻ.

 പതറാത്ത പോരാളി

കശുഅണ്ടി തൊഴിലാളികളുടെ അവകാശങ്ങൾക്കും കൂലി വർദ്ധനവിനുമായി പലതവണ നിരാഹാര സമരം കിടന്നുണ്ട്. മങ്ങാട് ഹൈസ്കൂളിന്റെ ചുവരുകളെ മുദ്രാവാക്യങ്ങൾ കൊണ്ട് പ്രകമ്പനം കൊള്ളിച്ച എ.ഐ.എസ്.എഫുകാരനായാണ് രാഷ്ട്രീയത്തിലെത്തിയത്. പിന്നെ എ.ഐ.വൈ.എഫിന്റെ ജില്ലാ നേതാവായി. സമരമുഖങ്ങളിൽ പതറാത്ത പോരാളിയുമായിരുന്നു. അതുകൊണ്ട് തന്നെ ലാത്തിയുടെ മായാത്ത വേദനകൾ ഇപ്പോഴുമുണ്ട്. നീണ്ടനാളത്തെ ജയിൽ ഓർമ്മകളും. 12 വർഷം സി.പി.ഐ മങ്ങാട് ലോക്കൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ സിറ്റി മണ്ഡലം കമ്മിറ്റി സെക്രട്ടറിയാണ്. ജില്ലാ ആശുപത്രി വികസനസമിതി അംഗം, ഇപ്റ്റ ജില്ലാ എക്സിക്യുട്ടീവ് അംഗം, സി.പി.ഐ ജില്ല കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

 ഗുരുദേവൻ പേരിട്ട ഭാർഗവിയുടെ കൊച്ചുമകൻ

ബിജു അരവിന്ദിന്റെ അച്ചാമ്മയ്ക്ക് ഭാർഗവി എന്ന് പേരിട്ടത് ഗുരുദേവനാണ്. മങ്ങാട് ശ്രീകുമാരപുരം ക്ഷേത്രത്തിൽ ഗുരുദേവൻ എത്തിയപ്പോൾ അച്ഛനമ്മമാർ ഭാർഗവിയെ അവിടേക്ക് കൊണ്ടുപോയി. തലയിൽ കൈവച്ച് അനുഗ്രഹിച്ച് കൊണ്ടാണ് ഗുരുദേവൻ ഭാർഗവി എന്ന് വിളിച്ചത്.

 ബിജു അരവിന്ദിന്റെ ഉറപ്പുകൾ

കായലോര മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം

മങ്ങാട് ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം

കുടുംബശ്രീ വഴി തൊഴിൽ മേഖലയുടെ വിപുലീകരണം

മാലിന്യം നിർമ്മാർജ്ജനം

അങ്കണവാടികൾക്ക് സ്വന്തം സ്ഥലവും കെട്ടടം

കാൻസർ രോഗികൾക്കായി പാലിയേറ്റീവ് കെയർ സെന്റർ

 കഴിഞ്ഞ അഞ്ച് വർഷത്തെ പ്രധാന വികസനങ്ങൾ

റോഡ് നിർമ്മാണം, വികസനം: 4.46 കോടി

ഓടകളുടെ നിർമ്മാണം, നവീകരണം: 2 കോടി

ലൈഫ് വീടുകൾ: 123

സ്കൂളിന് അടിസ്ഥാന സൗകര്യം: 72 ലക്ഷം

സൗജന്യ ഗാർഹിക കുടിവെള്ള ടാപ്പ് കണക്ഷൻ: 523

പകൽവീട്, അങ്കണവാടിക്ക് സ്ഥലവും കെട്ടിടവും

ഇതിന് പുറമേ നിരവധി പദ്ധതികൾക്ക് പണം അനുവദിച്ചു