കൊട്ടാരക്കര: ബുറെവി ചുഴലിക്കാറ്റ് ശക്തമാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പവിത്രേശ്വരം ,കുളക്കട, കലയപുരം വില്ലേജുകളിലായി ഏകദേശം 250 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പവിത്രേശ്വരം, കുളക്കട പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും. അതുസംബന്ധിച്ച് ജില്ലാ കളക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. ബുറെവി ചുഴലിക്കാറ്റ് മൂലം ശക്തമായ മഴയുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പരപ്പാർ ഡാമിൽ ജലനിരപ്പ് ഉയരുകയും ഡാമിലെ ഷട്ടർ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ താലൂക്കിലെ കല്ലടയാർ കടന്നു പോകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാദ്ധ്യത നിലനിൽക്കുന്നതിനാലുമാണ് കളക്ടറുടെ നിർദ്ദേശം.
ക്വാറന്റൈനിൽ ഉള്ളവർക്ക് പ്രത്യേക ക്യാമ്പ്
പൊതുജനങ്ങൾ ,പൊലീസ് ,റവന്യു ,പഞ്ചായത്ത് അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതും അടിയന്തര സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് മാറേണ്ടതുമാണ്. കൊവിഡ് രോഗികൾക്കായി ശാസ്താംകോട്ടയിലെ സി.എഫ്.എൽ.ടിസിയിൽ ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.ക്വാറന്റൈനിൽ ഉള്ളവർക്ക് പ്രത്യേക ക്യാമ്പും ഒരുക്കിയിട്ടുണ്ട്.കിഴക്കൻ മേഖലകളിൽ അതി തീവ്ര കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.ഡെപ്യൂട്ടി തഹസീൽദാരുടെ നേതൃത്വത്തിൽ താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും തുറന്നിട്ടുണ്ടെന്നും തഹസീൽദാർ അറിയിച്ചു.കൺട്രോൾ റൂം നമ്പർ 0474 2454623.