
കൊല്ലം: ജില്ലാ കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിനായി എൻ.ജി.ഒ ക്വാർട്ടേഴ്‌സുകൾ സ്ഥിതി ചെയ്യുന്ന കളക്ടറേറ്റിന് സമീപമുള്ള 2.68 ഏക്കർ ഭൂമി ബുധനാഴ്ച ജുഡിഷ്യറിക്ക് കൈമാറി. ഭൂമി അളന്ന് കല്ലിട്ട് തിരിച്ചാണ് ജില്ലാ കോടതി ശിരസ്തദാറിന് റവന്യൂ അധികൃതർ ഭൂമി കൈമാറിയത്. എൻ.ജി.ഒ ക്വാർട്ടേഴ്‌സുകളുടെ ഇടയിലെ പ്രധാന വഴിയുടെ തെക്കുവശമാണ് വിട്ടുനൽകിയിരിക്കുന്നത്. വലതുവശത്തെ ഒരേക്കർ സ്ഥലത്ത് ഫ്ലാറ്റ് രീതിയിൽ എൻ.ജി.ഒ ക്വാർട്ടേഴ്‌സ് പുനർനിർമ്മിക്കും. കോടതി സമുച്ചയത്തിന് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് നിൽക്കുന്ന സ്ഥലം അനുവദിക്കാൻ കഴിഞ്ഞ മാർച്ചിലാണ് തീരുമാനിച്ചത്. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. നിർമ്മിക്കാൻ പോകുന്ന കോടതി സമുച്ചയത്തിന്റെ താഴത്തെ നിലകളിൽ പാർക്കിംഗ് സൗകര്യവുമൊരുക്കും.
ഭൂമി കൈമാറ്റത്തിന്റെ വ്യവസ്ഥകൾ
1. ഭൂമി പാട്ടത്തിനും തറവാടകയ്ക്കും നൽകരുത്
2. ബാങ്കുകളിൽ ഈടുവയ്ക്കാൻ പാടില്ല
3. ഉത്തരവ് തീയതി മുതൽ ഒരു വർഷത്തിനകം നിർമ്മാണം ആരംഭിക്കണം
4. കൈയേറ്റം കർശനമായി ഒഴിവാക്കണം
3.35 ഏക്കറിൽ കോടതി സമുച്ചയം
കോർപ്പറേഷൻ, ജല അതോറിറ്റി എന്നിവ വിട്ടുനൽകുന്ന സ്ഥലമുൾപ്പെടെ 3.35 ഏക്കറിലാണ് കോടതി സമുച്ചയം. നിലവിൽ 27 കോടതികൾ കളക്ടറേറ്റിലുണ്ട്. കുടുംബകോടതി, വഖഫ് കോടതി, മോട്ടോർ വാഹനാപകട നഷ്ടപരിഹാരകോടതി, മജിസ്‌ട്രേട്ട് കോടതികൾ തുടങ്ങി പത്തിലേറെ കോടതികൾ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. പുതിയ സമുച്ചയം വരുന്നതോടെ ഇവയെല്ലാം ഒരു കുടക്കീഴിലാകും.
കളക്ടറേറ്റിലെ സ്ഥലപരിമിതിക്ക് പരിഹാരമാവും
കോടതികൾ പുതിയ സമുച്ചയത്തിലേക്ക് മാറുന്നതോടെ കളക്ടറേറ്റിലെ സ്ഥലപരിമിതിയും ഒഴിവാകും. ഇപ്പോൾ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പല പ്രധാനപ്പെട്ട സർക്കാർ ജില്ലാ ഓഫീസുകൾക്കും കളക്ടറേറ്റിനുള്ളിൽ സ്ഥലം ലഭിക്കും. ഒരു ആവശ്യത്തിന് വിവിധ സർക്കാർ ഓഫീസുകളിൽ പോകേണ്ടി വരുന്നവർ ഇപ്പോൾ ഏറെ ബുദ്ധിമുട്ടുകയാണ്. പ്രധാനപ്പെട്ട ഓഫീസുകളെല്ലാം കളക്ടറേറ്റിനുള്ളിൽ ആകുന്നതോടെ പൊതുജനങ്ങളുടെ ബുദ്ധിമുട്ടും ഒഴിവാകും.