photo
കല്ലുംമൂട്ടിൽക്കടവ് പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ

കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയൽ വരുന്ന കല്ലുംമൂട്ടിൽക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള പുൽക്കാടുകൾ ചെത്തിക്കളയണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ഒരാൾ പൊക്കത്തിലാണ് പുല്ലുകൾ വളർന്ന് നിൽക്കുന്നത്. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ചെറിയഴീക്കൽ തുറയെ കരുനാഗപ്പള്ളി ടൗണുമായി ബന്ധിപ്പിക്കുന്നതാണ് കല്ലുംമൂട്ടിൽക്കടവ് റോഡ്. സുനാമി ദുരന്തത്തിന് ശേഷമാണ് ഇവിടെ പാലം നിർമ്മിച്ചത്. പാലത്തോട് ചേർന്നുള്ള അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലുമാണ് പുൽക്കാടുകൾ വളർന്ന് നിൽക്കുന്നത്.

ഉഗ്ര വിഷമുള്ള പാമ്പുകളുണ്ട്

കാലാകാലങ്ങളിൽ ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് അധികൃതരാണ് പുല്ലുകൾ ചെത്തി മാറ്രുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. കായംകുളം മത്സ്യബന്ധന തുറമുഖത്തേക്ക് മത്സ്യം കയറ്റാനായി പോകുന്ന വാഹനങ്ങളെല്ലാം കടന്ന് പോകുന്നത് ഈ റോഡ് വഴിയാണ്. കൂടാതെ രാപ്പകൽ ഭേദമന്യേ നൂറ് കണക്കിന് കാൽനട യാത്രക്കാരും ഇതു വഴി യാത്ര ചെയ്യുന്നു. ചെറിയഴീക്കൽ കാശി വിശ്വനാഥ ക്ഷേത്രം, വടക്കേനട ഭഗവതി ക്ഷേത്രം എന്നീ അരാധനാലയങ്ങളിലേക്ക് ഭക്തർ പോകുന്നതും കല്ലുംമൂട്ടിൽകടവ് പാലം കടന്നാണ്. വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞ് ഭക്തർ ഇക്കരയിലേക്ക് നടന്ന് വരാൻ മടിക്കുകയാണ്. ഉഗ്ര വിഷമുള്ള പാമ്പുകളാണ് റോഡിലൂടെ തലങ്ങും വിലങ്ങും പായുന്നത്. പുൽക്കാടുകളാണ് ഇവറ്രകളുടെ ആവാസ കേന്ദ്രം. റോഡിന്റെ വശങ്ങളിൽ വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ ചെത്തി മാറ്റിയാൽ ഇഴജന്തുക്കളിൽ നിന്നും കാൽനട യാത്രക്കാർക്ക് രക്ഷയാകും. ഇതിനുള്ള നടപടികൾ ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.