jayan

കൊല്ലം: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ ഭാര്യയ്‌ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ കണ്ടെത്താൻ ഇരവിപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വാളത്തുംഗൽ സഹൃദയ ക്ലബിന് സമീപം മംഗാരത്ത്‌ കിഴക്കതിൽ രജി (36), മകൾ ആദിത്യ (14) എന്നിവർക്കാണ് പരിക്കേറ്റത്. രജിയുടെ ഭർത്താവ് വാളത്തുംഗൽ ഇല്ലംനഗർ 161 മങ്ങാരത്ത് കിഴക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജയനെ (36) കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
കൊല്ലം നഗരപരിധിയിൽ പത്ത് കിലോമീറ്ററിനുള്ളിൽ പ്രതി ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഫോൺ ഉപയോഗിക്കാത്തതിനാൽ ലൊക്കേഷൻ കണ്ടെത്താനായിട്ടില്ല. നാൽപ്പത് ശതമാനം പൊള്ളലേറ്റ രജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. സി.ഐയുടെ കീഴിൽ മൂന്ന്‌ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.