vote

 പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് നാൾ കൂടി

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാടിളക്കിയുള്ള പരസ്യ പ്രചരണം അവസാനിക്കാൻ മൂന്ന് നാൾ ശേഷിക്കെ നാടെങ്ങും പ്രവർത്തകർ ആവേശത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർത്ഥികളുടെ സ്വീകരണ പര്യടനം പുരോഗമിക്കുകയാണ്.

കുടുംബയോഗങ്ങൾ, ബൂത്ത് കൺവെൻഷനുകൾ, പൊതുയോഗങ്ങൾ തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ എല്ലായിടത്തും പ്രചാരണ ആവേശം എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ഭൂരിപക്ഷം മേഖലകളിലും വോട്ടഭ്യർത്ഥനയുമായി മൈക്ക് അനൗൺസ്‌മെന്റ് വാഹനം നിരത്തിലുണ്ട്. ശേഷിക്കുന്ന വാർഡുകളിൽ ഇന്നും നാളെയുമായി വാഹനങ്ങൾ നിരത്തിലിറക്കും. ഇതോടെ എല്ലായിടവും പ്രചാരണ വാഹനങ്ങൾ ശബ്ദമുഖരിതമാക്കും. അനൗൺസ്‌മെന്റ് വാഹനങ്ങൾ ഉപയോഗിച്ച് പരമാവധി മേഖലകളിൽ കോർണർ മീറ്റിംഗുകൾ നടത്താനാണ് ശ്രമം. ഇതിനായി യുവജന - വിദ്യാർത്ഥി സംഘടനാ നേതാക്കളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്‌ച ആവേശകരമായ റോഡ് ഷോ നടത്തി കൊട്ടിക്കലാശത്തിലേക്ക് കടക്കാനാണ് മുന്നണികളുടെ നീക്കം.

 വോട്ട് തേടി നേതാക്കളുടെ നിര

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി സംസ്ഥാന നേതൃനിരയിലെ പ്രമുഖരെല്ലാം മുന്നണികൾക്കായി വോട്ട് തേടി ജില്ലയിലെത്തി.

 കൊവിഡ് മാനദണ്ഡങ്ങൾ മറന്നു

1. പ്രചാരണത്തിലുടനീളം കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരുന്നെങ്കിലും പാലിക്കാനായില്ല

2. പ്രചാരണം ആവേശത്തിലേക്ക് കടന്നതോടെ മുന്നണികൾ കൊവിഡ് ഭീതി മാറ്റിവച്ചു

3. അപൂർവം സ്ഥാനാർത്ഥികൾ മാത്രമാണ് മാസ്‌ക്, കൈയുറകൾ, ഫേസ് ഷീൽഡ് എന്നിവ ധരിച്ച് പ്രചാരണത്തിനിറങ്ങിയത്

4. മൂക്കും വായും മറയുന്ന തരത്തിൽ മാസ്‌ക് ധരിക്കാതെയാണ് മിക്കവരും പ്രചാരണരംഗത്തുള്ളത്

5. പരിശോധനാ സംഘങ്ങൾ നിരത്തിലുണ്ടാകുമെന്ന് കളക്ടർ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല

6. ആൾക്കൂട്ടങ്ങൾ ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്

''

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ രോഗവ്യാപനത്തിന് സാദ്ധ്യതയേറെയാണ്.

ആരോഗ്യ വകുപ്പ്