 
കൊല്ലം: ബുറേവി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളും ജാഗ്രതയും ശക്തമാക്കിയതായി കളക്ടർ ബി. അബ്ദുൽ നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുളത്തൂപ്പുഴ വഴി ജില്ലയിൽ പ്രവേശിക്കുന്ന ബുറേവി തെന്മല, ആര്യങ്കാവ് മേഖലയിൽ ആദ്യം വീശിയടിക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച മുന്നറിയിപ്പെന്നും കളക്ടർ പറഞ്ഞു.
പുനലൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലാണ് കൂടുതൽ പ്രശ്നസാദ്ധ്യത. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലും കനത്ത ജാഗ്രതാ നിർദ്ദേശമുണ്ട്. കാറ്റിന്റെ ഗതിമാറ്റമനുസരിച്ച് ജില്ലയിൽ ബാധിക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും മാറ്റത്തിന് സാദ്ധ്യതയുണ്ട്. ഇന്നലെ ഉച്ചവരെ 22 കാലാവസ്ഥ മുന്നറിയിപ്പ് ബുള്ളറ്റിനുകൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. എത്രവലിയ ദുരന്തമുണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങൾ സജ്ജമാണ്. ജീവഹാനിയും മുറിവുകളും ഒഴിവാക്കുന്നതിനാണ് മുൻഗണന. ഏകദേശം 35,000 പേരെ മാറ്റി പാർപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി 358 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 2291 പേർ ഏറെ അപകടകരമായ സാഹചര്യത്തിലാണ്. ഇവരെയാകും അദ്യം മാറ്റി പാർപ്പിക്കുക. മുന്നറിയിപ്പുകളും അപകട സാദ്ധ്യതകളും കണക്കിലെടുത്ത് ആവശ്യമായി വരുന്ന മറ്റുള്ളവരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടി തുടങ്ങി.
 രാത്രിയാത്ര നിരോധിച്ചു
തീരമേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകൾക്കും അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങൾക്ക് നിർദ്ദേശം നൽകി. മലയോര മേഖലയിൽ രാത്രിയാത്ര നിരോധിച്ചു. പൊതുജനങ്ങൾ ദൂരയാത്രകൾ പരമാവധി ഒഴിവാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ക്വാറികൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. തീരദേശ മേഖലയിൽ രണ്ട് ദിവസമായി ബോധവത്കരണ അനൗൺസ്‌മെന്റ് നടത്തുന്നു. കടലിൽ പോയ ഒട്ടുമിക്ക ബോട്ടുകളും ഫിഷറീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവയുടെ നേതൃത്വത്തിുൽ മടക്കിയെത്തിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ള യാനങ്ങൾക്കും കൊല്ലം തീരത്ത് അടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തെന്മല ഡാമിൽ നിലവിൽ സുരക്ഷിതമായ ജലനിരപ്പാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ ഡാം തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ പൊതുഗതാഗതം നിരോധിക്കും. കൂടുതൽ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കി. കടപുഴകാൻ സാദ്ധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റാനും നിർദ്ദേശം നൽകി. മൺറോത്തുരുത്ത് അടക്കമുള്ള വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
 ജനങ്ങളുടെ ശ്രദ്ധയ്ക്ക്
1. ചുഴലിക്കാറ്റ് കുളത്തൂപ്പുഴ വഴി ജില്ലയിലെത്തുമെന്ന് മുന്നറിയിപ്പ്
2. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം
3. ആവശ്യമെങ്കിൽ ഇന്ന് പൊതുഗതാഗതം നിരോധിക്കും
4. 35,000 പേരെ മാറ്റിപ്പാർപ്പിക്കാൻ ക്രമീകരണം
5. 2,291 പേർ കനത്ത അപകട മേഖലയിൽ
 കൺട്രോൾ റൂം നമ്പറുകൾ
ജില്ലാ ദുരന്തനിവാരണ അതോറിറ്റി: 1077
കളക്ടറേറ്റ്: 0474 2794002, 2794004
 താലൂക്ക് ഓഫീസുകളിൽ
കൊല്ലം: 0474 2742116 പുനലൂർ: 0475 2222605
കരുനാഗപ്പള്ളി: 0476 2620223
കൊട്ടാരക്കര: 0474 2454623
കുന്നത്തൂർ: 0476 2830345
പത്തനാപുരം: 0475 2350090
 ചുഴലി വർക്കല വഴിയെന്ന് അഭ്യൂഹം
ബുറേവി ആറ്റിങ്ങൽ വർക്കല ഭാഗം വഴി ജില്ലയിൽ എത്തുമെന്ന് അഭ്യൂഹമുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളില്ല. ഏത് ഭാഗത്ത് വീശിയടിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചാലും അവിടെയുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഇതിന് സജ്ജമായിരിക്കാൻ പൊലീസ്, വില്ലേജ്, തദ്ദേശ സ്ഥാപന അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.