കൊല്ലം: 'കൊല്ലം കണ്ടവന് ഇല്ലം വേണ്ട", പക്ഷേ ഇവിടത്തെ പഞ്ചായത്തുകളെല്ലാം തങ്ങൾക്ക് വേണമെന്ന വാശിയിലാണ് മൂന്ന് മുന്നണികളും. മുൻവഷങ്ങളെ അപേക്ഷിച്ച് ത്രികോണപ്പോര് മുറുകുമ്പോഴും ജനമനസ് ആർക്കൊപ്പമാണെന്ന് പറയാൻ പടിക്കുകയാണ് കൊല്ലം. ഇടതിന് മേൽക്കൈയുണ്ടെങ്കിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ യു.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ മുന്നിലെത്താൻ മത്സരിക്കുകയാണ്.
കഴിഞ്ഞ തവണ 68ൽ 60 ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫിനായിരുന്നു. മുൻവർഷങ്ങളിൽ ഇടത് - വലത് മുന്നണികളുടെ മത്സരമായിരുന്നെങ്കിൽ ഇത്തവണ എൻ.ഡി.എയും കളത്തിലിടം പിടിച്ചു.
ഗ്രാമപഞ്ചായത്തുകളിൽ പകുതിയും ഇത്തവണ യു.ഡി.എഫ് പിടിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥാനാർത്ഥികളുടെ സ്വാധീനത്തിനമനുസരിച്ച് വോട്ട് മറിഞ്ഞാൽ ബി.ജെ.പി പലയിടത്തും നിർണായകമാകും. എങ്കിലും 30 പഞ്ചായത്തുകളിൽ ഇപ്പോഴും ഇടതിന് തന്നെയാണ് മേൽക്കൈ.
ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളും ത്രികോണപ്പോരിൽ പൊരിയുകയാണ്. ചില സീറ്റുകൾ അപ്രതീക്ഷിതമായി ബി.ജെ.പി പിടിച്ചെടുത്തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനെതിരായ ഭരണ വിരുദ്ധവികാരമാണ് ഇടതുമുന്നണിക്ക് വലിയ നേട്ടം സമ്മാനിച്ചത്. പക്ഷേ ഇത്തവണ സ്ഥിതി മറിച്ചാണ്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ, സ്വർണക്കടത്ത്, ലൈഫ് കോഴ, അഴിമതി എല്ലാം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫും ബി.ജെ.പിയും വോട്ട് തേടുന്നത്.
ജില്ലാ പഞ്ചായത്ത് ഇത്തവണ ആര് നേടുമെന്നതും പ്രവചനാതീതമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 152 മെമ്പർമാരുണ്ട്. ത്രികോണ മത്സരമായതിനാൽ യു.ഡി.എഫും എൽ.ഡി.എഫും അവകാശപ്പെടുന്ന വിജയത്തിന് മാറ്റ് കുറഞ്ഞേക്കാം. ചിലയിടങ്ങളിൽ യു.ഡി.എഫിന് മേൽകൈയുണ്ടെങ്കിലും ഭരണവിരുദ്ധവികാരം ബ്ലോക്കുകളിൽ വലിയ വ്യതിയാനം സൃഷ്ടിക്കില്ലെന്നാണ് നിരീക്ഷണം. എങ്കിലും യു.ഡി.എഫ് ഇത്തവണ നില മെച്ചപ്പെടുത്തിയേക്കും. ഏഴ് ബ്ലോക്കുകളിൽ ഇടത് മുന്നണി ഭരണം നിലനിറുത്തിയേക്കുമെന്നാണ് സൂചന. ബി.ജെ.പിക്ക് ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണം കിട്ടാനിടയില്ലെങ്കിലും മിക്ക ഡിവിഷനുകളിലും ജയിച്ചേക്കും.
വാശിയോടെ കോർപറേഷനും നഗരസഭകളും
കൊല്ലം കോർപറേഷനിലെ മത്സരത്തിനും വാശിയേറുകയാണ്. ഇടതിന് തന്നെ ഭരണം കിട്ടുമെന്നാണ് സൂചന. വിമതശല്യം കോൺഗ്രസിന്റെ വിജയസാദ്ധ്യതകളെ ബാധിച്ചേക്കാം. ബി.ജെ.പിയും വാശിയോടെ രംഗത്തുണ്ട്. നാല് നഗരസഭകളിൽ കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും യു.ഡി.എഫ് ഭരണം പിടിച്ചെടുത്തേക്കും. പരവൂരും പുനലൂരും ഇടതുമുന്നണി നിലനിറുത്തിയേക്കും. ചിലയിടത്ത് ബി.ജെ.പി നിർണായക സ്വാധീനം ചെലുത്തിയേക്കും.
കണക്കുകൾ ഇങ്ങനെ
ഗ്രാമപഞ്ചായത്ത്- 68
ജില്ലാ പഞ്ചായത്ത് ഡിവിഷൻ- 26
കോർപറേഷൻ- 1
നഗരസഭ- 4
ബ്ളോക്ക് പഞ്ചായത്ത്- 11