
കൊല്ലം: ബുറേവി ന്യൂനമർദ്ദത്തെ തുടർന്നുള്ള ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത്
തീരദേശ - മലയോര മേഖലകളിലെ അപകട സാദ്ധ്യതകൾ വിലയിരുത്താൻ ഇരുപതംഗ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻ.ഡി.ആർ.എഫ്) സംഘം ജില്ലയിലെത്തി. ഇടുക്കി പെട്ടിമുടിയിലെയും പുതുച്ചേരിയിലെയും ദുരന്തമുഖങ്ങളിൽ പ്രവർത്തിച്ച സേനാംഗങ്ങളാണ് എത്തിയത്. തെന്മല ഡാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ സംഘം മൺറോത്തുരുത്തും സന്ദർശിച്ചു.
ദുരന്ത നിവാരണ സേന അസിസ്റ്റന്റ് കമാൻഡന്റ് ഡി. മനോജ് പ്രഭാകർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, ജൂനിയർ സൂപ്രണ്ട് അസീം സേട്ട് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലും എൻ.ഡി.ആർ.എഫ് പ്രതിനിധികൾ പങ്കെടുത്തു. തീരദേശ മേഖലകളായ അഴീക്കൽ, ഓച്ചിറ, നീണ്ടകര, ശക്തികുളങ്ങര, ഇരവിപുരം, മയ്യനാട് പ്രദേശങ്ങളും സംഘം ഇന്നും നാളെയുമായി സന്ദർശിക്കും.