election

കൊട്ടാരക്കര: ഇടത് കോട്ട പിടിക്കാൻ കോൺഗ്രസ് സർവ തന്ത്രങ്ങളും പയറ്റുമ്പോൾ ഏതുവിധേനയും തട്ടകം നില നിറുത്തുക എന്ന ലക്ഷ്യത്തിലാണ് ഇടത് മുന്നണി. കൊട്ടാരക്കര തമ്പുരാന്റെ ചരിത്ര മണ്ണിൽ ആധിപത്യം ഉറപ്പിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വവും എത്തിയതോടെ ത്രികോണ മത്സരം പൊടിപൊടിക്കും എന്ന് ഉറപ്പായി.

ആവേശം പകരാൻ നേതാക്കൾ എത്തി

കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വളരെ തണുപ്പൻ മട്ടിലായിരുന്നെങ്കിലും ഇപ്പോൾ ചിത്രം മാറി. വളരെ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഒരോ പാർട്ടിയുടെയും ജില്ലാ സംസ്ഥാന നേതാക്കൾ കുടുംബ സംഗമങ്ങളിലും കോർണർ മീറ്റിംഗുകളിലും ചെറു സമ്മേളനങ്ങളിലും പങ്കെടുത്തു വരുന്നു. വാർഡുകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനവും സ്ളിപ്പു വിതരണവും കുടുംബ സംഗമങ്ങളും നടന്നു വരുന്നു. ആദ്യം പ്രചാരണ രംഗം ചൂടുപിടിപ്പിക്കുന്നതിന് ബി.ജെ.പിയുടെ സംസ്ഥാന നേതാവ് കുമ്മനം രാജശേഖരനാണ് കൊട്ടാരക്കരയിലെത്തിയത്.

പിന്നാലെ ഇടത് മുന്നണിയുടെ നേതാവായ കേരളാ കോൺഗ്രസ് ബി യിലെ കെ.ബി.ഗണേശ് കുമാറും എത്തിയിരുന്നു.പാർട്ടിക്ക് നിർണായക സ്വാധിനമുള്ള പ്രദേശങ്ങളിലെ കുടുംബ സംഗമങ്ങളിൽ ചലച്ചിത്ര നടൻകൂടിയായ ഗണേശ് കുമാർ ഇടത് മുന്നണി സ്ഥാനാർത്ഥികൾക്കുവേണ്ടി വോട്ടഭ്യർത്ഥന നടത്തി.

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് പൂവറ്റൂർ ജംഗ്ഷനിൽ സംസാരിച്ചു.കൊടിക്കുന്നിൽ ,സുരേഷ്, ബിന്ദുകൃഷ്ണ തുടങ്ങിവയരും പല പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിച്ചു.സി.പി.എം സംസ്ഥാന സെക്രട്ടറി എ..വിജയരാഘവൻ ഇന്ന് വൈകിട്ട് 5ന് ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊട്ടാരക്കര ചന്തമുക്കിൽ സംസാരിക്കും.യു.ഡി.എഫിനുവേണ്ടി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർ വരും ദിവസങ്ങളിൽ കൊട്ടാരക്കരയിൽ എത്തും. കൊട്ടാരക്കര നഗരസഭ പരിധിയിൽ ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഇല്ല എന്നതും ശ്രദ്ധേയമാണ്.ആയതിനാൽ പ്രവർത്തകർക്ക് നഗരസഭയിലെ സ്ഥാനാർത്ഥികളിൽ മാ‌ത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാകും.