കരുനാഗപ്പള്ളി: നഗരസഭ 3-ം ഡിവിഷനിൽ തീ പാറുന്ന പോരാട്ടത്തിന് തുടക്കമായി. വിമതർ ഉൾപ്പടെ 5 സ്ഥാനാർത്ഥികളാണ് ഇവിടെ മാറ്രുരക്കുന്നത്. കരുനാഗപ്പള്ളി നഗരസഭയിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതും ഈ ഡിവിഷനിലാണ്. മൊത്തം 1378 വോട്ടർമാരാണ് ഉള്ളത്. ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയംഗം കരുമ്പാലിൽ ഡി.സദാനന്ദനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.ശ്രീഹരിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കോൺഗ്രസ് നേതാവ് കളീയ്ക്കൽ മുരളിയും സി.പി.എമ്മിൽ നിന്നും പുറത്താക്കിയ രമണനുമാണ്. കഴിഞ്ഞ പ്രാവിശ്യം ഈ ഡിവിഷൻ യു.ഡി.എഫിനോടൊപ്പമായിരുന്നു. . ഈ പ്രാവശ്യം ഡിവിഷൻ നിലനിറുത്താൻ യു.ഡി.എഫ് പരിശ്രമിക്കുമ്പോൾ ഡിവിഷൻ പിടിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നത്. രണ്ട് മുന്നണികൾക്കും തലവേദന സൃഷ്ടിച്ച് ബി.ജി.പി സ്ഥാനാർത്ഥി സജീവമായി തന്നെ രംഗത്തുണ്ട്. വിമിതൻമാരും സജീവമായി വീടുകൾ കയറി വോട്ടർമാരെ കണ്ട് തുടങ്ങി.