
കൊല്ലം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് ഫയർഫോഴ്സ് കനത്ത ജാഗ്രതയിൽ. ജില്ലാ കളക്ടറുടെ നിർദേശാനുസരണം കൊല്ലത്തിന്റെ തീരദേശ മേഖലകളായ പരവൂർ, മയ്യനാട്, ഇരവിപുരം, കൊല്ലം ബീച്ച് പ്രദേശങ്ങളിൽ എത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഫയർഫോഴ്സ് ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം.
ജില്ലയിലെ പതിനൊന്ന് ഫയർ സ്റ്റേഷനുകളിലും കൺട്രോൾ റൂമുകൾ തുറന്നു. മുഴുവൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കുമൊപ്പം സന്നദ്ധ സേവനത്തിനുള്ള 500 ഓളം സിവിൽ ഡിഫൻസ് അംഗങ്ങളും സജ്ജരാണ്. ജില്ലയുടെ കിഴക്കൻ മേഖലകളായ തെൻമല, കുളത്തൂപ്പുഴ, ആര്യങ്കാവ് പ്രദേശങ്ങളിലും കടയ്ക്കൽ, ചടയമംഗലം ജടായുപ്പാറ, പുനലൂർ പ്രദേശങ്ങളിൽ ഹാം ലൈസൻസികളായ സിവിൽ ഡിഫൻസ് പ്രവർത്തകരുടെ സേവനവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ന്യൂനമർദ്ദം ചുഴലിയായി രൂപാന്തരപ്പെടുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മരങ്ങൾ കടപുഴകിയും മറ്റുമുള്ള അപകടങ്ങളെ നേരിടാനും അടിയന്തര സഹായമെത്തിക്കാനുള്ള സംവിധാനങ്ങളും തയ്യാറാണ്.
കടപുഴകുന്ന മരങ്ങൾ മുറിച്ച് നീക്കാൻ 60 ഓളം ചെയിൻസാ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വാഹനങ്ങളും ഫയർഫോഴ്സ് സജ്ജമാക്കി. ഫയർഫോഴ്സിന്റെ എട്ടോളം ആംബുലൻസുകളും തയ്യാറാണ്. സംസ്ഥാന - ജില്ലാ ദുരന്ത നിവാരണ അതോറിട്ടികളുടെ നിർദേശാനുസരണം ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ മൈക്ക് അനൗൺസ്‌മെന്റുകളിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീരദേശത്ത് പൊലീസ് കാവലുണ്ട്. വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങൾ നേരിടാൻ സ്കൂബാ ടീമും തയ്യാറാണ്. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങൾ നേരിടാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കളക്ടറേറ്റുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഫയർഫോഴ്സി ന്റെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി.
 വിളിക്കേണ്ട നമ്പർ: 0474-2746200