അഞ്ചൽ:ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വിജിലൻസിന് കൈമാറാൻ സർക്കാർ ഉത്തരവായി. അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരികയായിരുന്ന കേസാണ് വിജിലൻസിന് കൈമാറിയത്. സഹകാരികളുടെ പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട ബാങ്ക് സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന കൈപ്പള്ളിയിൽ മാധവൻപിളളയെ നേരത്തെ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സഹകാരികൾ ബാങ്കിൽ നിന്നും പ്രമാണം വച്ച് വായ്പ എടുക്കുമ്പോൾ അവർ അറിയാതെ ഈടിൻമേൽ അധിക തുക വായ്പ എടുത്ത് ക്രമക്കേട് നടത്തിയെന്നാണ് നേരത്തെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയതും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതും. ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടതിനെ തുടർന്ന് യു.ഡി.എഫ്. ഭരണത്തിലും രാജീവ് കോശി പ്രസിഡന്റുമായിരുന്ന ഭരണസമിതി സർക്കാർ പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം നിലനിറുത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടവർ ദീർഘകാലം ബാങ്കിന് മുന്നിൽ സത്യാഗ്രഹം ഉൾപ്പടെയുള്ള സമര പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കേസ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ഉൾപ്പടെയുള്ള യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു.