
കൊല്ലം: കുണ്ടറ ഇളമ്പള്ളൂർ വില്ലേജിൽ ചിറയടി ചരുവിള വീട്ടിൽ വിക്രമനെ (42) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ യുവമോർച്ച പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ താത്കാലികമായി നിറുത്തിവയ്ക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
ഞെട്ടയിൽ വച്ച് പരിസരവാസികൾ കാൺകെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ 5ന് വൈകിട്ട് 5.40 ഓടെയായിരുന്നു സംഭവം. ഒന്നും രണ്ടും പ്രതികളായ കൊറ്റങ്കര വില്ലേജിൽ ഞെട്ടയിൽ മിച്ചഭൂമി കോളനിയിലെ അഭിലാഷ് ഭവനത്തിൽ അഭിലാഷ് (32), കണ്ണൻ (30) എന്നിവരുടെ ജീവപര്യന്തമാണ് നിർത്തിവച്ച് ജാമ്യം അനുവദിച്ചത്.
സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചതിലുള്ള വിരോധത്താൽ തങ്ങളെ കേസിൽ കുടുക്കിയ താണെന്നാണ് പ്രതികൾ കോടതിയിൽ മൊഴി നൽകിയത്. 2019 നവംബർ 30ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്.എച്ച്. പഞ്ചാബ കേശന്റെ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് താത്കാലികമായി ശിക്ഷ നിറുത്തിവയ്ക്കാൻ ഉത്തരവിട്ടത്.
പ്രതികൾക്കുവേണ്ടി അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ്, ആർ.എസ്. പ്രശാന്ത്, സി.എസ്. സുമേഷ്, സിമ ശശിധരൻ, അബ്ദുൾ മസി എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.