election

കൊല്ലം: പോളിംഗിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ നഗരത്തിൽ പോരാട്ടം കനക്കുന്നു. വീടുകളിൽ ഒന്നിന് പിന്നാലെ ഒന്നായി സ്ഥാനാർത്ഥികളും വിവിധ സ്ക്വാഡ് പ്രവർത്തകരും കയറിയിറങ്ങുന്നു. അനൗൺസ്‌മെന്റ് വാഹനങ്ങൾ ചെറുറോഡുകൾ വരെ കൈയടക്കി വോട്ടർമാരുടെ മനസിളക്കാൻ മത്സരിക്കുകയാണ്.

പാർട്ടി പ്രവർത്തകർ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുമ്പോൾ സ്ഥാനാർത്ഥികൾ ഇപ്പോഴും വീടുകൾ കയറിയിറങ്ങുകയാണ്. ഇടയ്ക്ക് കുടുംബയോഗങ്ങളിൽ അതിഥിയായി സ്ഥാനാർത്ഥികളെത്തും. രണ്ടുവാക്ക് മാത്രം പറഞ്ഞ് അവിടെ നിന്ന് തൊട്ടടുത്ത സ്ഥലത്തേക്ക് പറക്കും. ഉച്ചയ്ക്ക് കഷ്ടിച്ച് ഒരു മണിക്കൂർ മാത്രമാണ് സ്ഥാനാർത്ഥികൾ വിശ്രമിക്കുന്നത്. പുലർച്ചെ തുടങ്ങുന്ന വോട്ടുപിടിത്തം രാത്രി വൈകിയും തുടരുന്ന സ്ഥാനാർത്ഥികളുണ്ട്. നഗരത്തിലെ ഒട്ടുമിക്ക ചുവരുകളും പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. ആദ്യമൊട്ടിച്ച പോസ്റ്ററുകൾ നരച്ച് നിറം മങ്ങിയതിനാൽ പലയിടങ്ങളിലും പുത്തൻ പോസ്റ്ററുകൾ വീണ്ടും ഒട്ടിച്ചുതുടങ്ങി.

 വീറും വാശിയും സജീവം

ഓരോ ദിവസവും പിന്നിടുന്തോറും വീറും വാശിയും കൂടുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്തതാണ് ആശ്വാസം. ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥിയും വിരലിലെണ്ണാവുന്ന പ്രവർത്തകരുമാണ് പ്രചാരണ രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ നൂറുകണക്കിന് പ്രവർത്തകർ ഡിവിഷനുകളിൽ സജീവമായിരിക്കുകയാണ്. സ്ഥാനാർത്ഥികളുടെ ബൂത്ത് ഓഫീസുകളിലും എപ്പോഴും പാർട്ടി പ്രവർത്തകർ സജീവമായുണ്ട്.