
പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ കരിമ്പാലൂർ വാർഡിൽ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ഗുരുദേവ ഭക്തയായ അല്ലി അജിയാണ് നാട്ടിലെ താരം. പഞ്ചായത്തിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥികൂടിയാണ് അല്ലി. 22 വയസ് തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന അല്ലി സ്‌കൂൾ, കോളേജ് തലങ്ങളിൽ ബോക്‌സിംഗിന് നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ താരമാണ്. ബാറ്റ്മിന്റണിലും അല്ലി കഴിവ് തെളിയിച്ചിട്ടുണ്ട്. ബി.കോം പൂർത്തിയാക്കിയ ശേഷം ഏഴാമത് സാമ്പത്തിക സർവേ എന്യൂമറേറ്ററായി പ്രവർത്തിക്കവേയാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ നറുക്കുവീണത്. ഗുരുദേവനെ മനസിൽ ധ്യാനിച്ചാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ശാഖാംഗം കൂടിയായ അല്ലി പറയുന്നു. വാർഡിലെ കോളനിയിൽ കുടിവെള്ളമെത്തിക്കുക, പൊതുജനസഹകരണത്തോടെ ഭവനരഹിതർക്ക് വീട് നിർമ്മിക്കുക, മാലിന്യം നിറഞ്ഞ പഞ്ചായത്തുകുളം നവീകരിക്കുക തുടങ്ങിയവയാണ് അല്ലിയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസിയായ പിതാവ് അജിയും വീട്ടമ്മയായ മാതാവ് സബീനയും പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരൻ ജസിനും ചേർന്ന കുടുബം പൂർണപിന്തുണയുമായി കൂടെയുണ്ട്. ഇടത് മുന്നണിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ എൽ.ഡി.എഫിനായി കോമളവല്ലിയും യു.ഡി.എഫിനായി ഗിരിജാകുമാരിയുമാണ് മത്സരിക്കുന്നത്.