road
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ പ്ലാച്ചേരിയിലെ താമരപ്പള്ളി ജംഗ്ഷന് സമീപത്തെ പാതയോരത്ത് ഇറക്കിയിട്ടിരിക്കുന്ന മൺ കൂന..

പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാത അപകടക്കെണിയായി മാറുന്നു. പാതയോരങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തള്ളുന്നതാണ് അപകടങ്ങൾക്ക് കാരണം. പുനലൂർ മുതൽ ഒറ്റക്കൽ വരെയുള്ള പാതയോരങ്ങളിലാണ് പഴയ കെട്ടിടങ്ങൾ പൊളിച്ച കല്ലും മണ്ണും തളളുന്നത്. ഒന്നര വർഷം മുമ്പ് പുനലൂരിൽ പൊളിച്ച കെട്ടിടത്തിന്റെയും മറ്റും അവശിഷ്ടങ്ങളാണ് പാതയോരങ്ങളിൽ തള്ളിയിരിക്കുന്നത്. കലയനാട്, തമരപ്പള്ളി, പ്ലാച്ചേരി, ക്ഷേത്രഗിരി,തണ്ണിവളവ്, വെള്ളിമല, ഇടമൺ, ഇടമൺ-43, ഉറുകുന്ന് തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് കെട്ടിടങ്ങളും മറ്റും പൊളിച്ച മണ്ണും കല്ലും ഇറക്കിയിട്ടിരിക്കുന്നത്. കാൽനടയാത്രക്കാരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

അമിത വേഗതയും അശ്രദ്ധയും

ബുധനാഴ്ച ഉറുകുന്നിലെ ദേശീയ പാതയോരത്ത് കൂടി നടന്ന് പോയ മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളെ അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ചിട്ട ശേഷം സമീപത്ത് ഒന്നര വർഷം മുമ്പ് ഇറങ്ങിക്കിയിട്ടിരുന്ന മണ്ണിലും കല്ലിലും തട്ടി സമീപത്തെ പത്ത് അടി താഴ്ചയുളള വയലിലേയ്ക്ക് മറിയുകായിരുന്നു. വീതി കുറഞ്ഞ പാതയോരത്ത് കൂടി നടന്ന് വന്ന മൂന്ന് വിദ്യാർത്ഥിനികളും അപകടത്തിൽ മരിച്ചു.ദേശീയ പാത നവീകരിച്ച് മോടി പിടിപ്പിച്ചതിനെ തുടർന്ന് വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും വർദ്ധിച്ചതാണ് അപകടങ്ങൾക്ക് മുഖ്യകാരണം.

കാൽനടയാത്രികർക്ക് തടസമായി മൺകൂനകൾ

റോഡിന്റെ രണ്ട് ഭാഗങ്ങളിൽ നിന്നും അമിത വേഗതയിൽ വാഹനങ്ങൾ കടന്ന് വരുമ്പോൾ മൺ കൂനകൾ ഇറക്കിയിട്ടിരിക്കുന്നത് കാരണം കാൽ നട യാത്രികർക്ക് ഒഴിഞ്ഞ് നിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിൽ. പാതയോരത്ത് ഇറക്കിയിട്ട മണ്ണിന് പുറത്ത് കാട് വളർന്ന് ഉയർന്നത് കാരണം ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങളെയും കാൽ നട യാത്രികരെയും ഒരേ പോലെ ബുദ്ധിമുട്ടിക്കുകയാണ്.പാതയോരങ്ങളിൽ ഇറക്കിയിട്ട മണ്ണും കല്ലും റോഡിന്റെ നവീകരണ വേളയിൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് അന്ന് അധികൃതർ അറിയിച്ചിരുന്നു.എന്നാൽ ചില സ്ഥലങ്ങളിൽ ഇറക്കിയിട്ട മണ്ണ് മാത്രമാണ് പാത നവീകരണ വേളയിൽ ഉപയോഗിച്ചത്.ശേഷിച്ച സ്ഥലങ്ങളിലെ മൺ കൂനകളാണ് ഇപ്പോൾ അപകടക്കെണി ഉയർത്തി നിൽക്കുന്നത്. അധികൃതരുടെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളും കരാറുകാരും പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും ഇപ്പോഴും ദേശീയ പാതയോരങ്ങളിൽ തള്ളുകയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് ദേശീയ പാതയോരങ്ങൾ അപകടക്കെണിയാകാൻ മുഖ്യ കാരണം.