navas
പാതിരിക്കൽ ഡാം

സംരക്ഷണ ഭിത്തിയിൽ ഗർത്തം,​ തൂണുകളിൽ വിള്ളൽ

ശാസ്താംകോട്ട: ശൂരനാട് വടക്ക് പള്ളിക്കൽ ഡാം (പാതിരിക്കൽ ഡാം) നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പലതവണ ബഡ്ജറ്റിൽ ഇടം നേടിയെങ്കിലും നവീകരണം ഇതുവരെയും യാഥാർത്ഥ്യമായില്ല. പാതിരിക്കലിൽ പള്ളിക്കലാറിന് കുറുകെ നിർമ്മിച്ച ഡാമിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഓണമ്പിള്ളി, ആനയടി, കൊച്ചുപുഞ്ച തുടങ്ങിയ ഏലാകളിൽ വേനൽക്കാലത്ത് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിയിരുന്നത് ഇവിടെ നിന്നുമാണ്. ഡാമിൽ വെള്ളം തടഞ്ഞുനിറുത്തി ചാലുകൾവഴി ഏലാകളിലേക്ക് തിരിച്ചുവിടുകയാണ് രീതി. കൂടാതെ പാതിരിക്കൽ,ആനയടി, പാറക്കടവ് നിവാസികൾ നടപ്പാതയായും ഇത് ഉപയോഗിക്കുന്നു.

സംരക്ഷണഭിത്തിയും തൂണുകളും തകർച്ചയിൽ

കാലപ്പഴക്കത്താൽ പള്ളിക്കൽ ഡാമിന്റെ സംരക്ഷണഭിത്തിയും തൂണുകളും തകർച്ചയിലാണ്. സംരക്ഷണഭിത്തിയിൽ വലിയ ഗർത്തം രൂപപ്പെട്ടു.തൂണുകളിൽ വിള്ളൽ വീണു. ഷട്ടറുകളായി പലകകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇവ ദ്രവിച്ച നിലയിലാണ്. ഡാമിന്റെ ചോർച്ച കാരണം പൂർണമായ തോതിൽ വെള്ളം തടഞ്ഞു നിറുത്താൻ കഴിയുന്നില്ല. അതിനാൽ ചാലുകൾവഴി വെള്ളം കാര്യമായി ഏലാകളിലേക്ക് എത്തുന്നില്ല. ഡാം നവീകരിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി സാദ്ധ്യതാ പഠനം പൂർത്തിയാക്കി ഡി.പി.ആർ.സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല